ലണ്ടന്‍ : വിംബിള്‍ഡണില്‍ സ്വപ്‌ന നേട്ടവുമായി കസാഖ്‌സ്ഥാന്‍റെ എലെന റൈബാക്കിന. വനിത സിംഗിള്‍സ് ഫൈനലില്‍ ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ തകര്‍ത്താണ് റൈബാക്കിന ഗ്രാന്‍ഡ്‌സ്ലാം കിരീടം നേടുന്ന ആദ്യ കസാഖ്‌സ്ഥാൻ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്. ജാബിയൂറിനെതിരെ ആദ്യ സെറ്റ് നഷ്‌ടമായതിന് ശേഷം ശക്തമായി തിരിച്ചുവന്നാണ് റൈബാക്കിനയുടെ വിജയം. സ്‌കോര്‍: 3-6, 6-2, 6-2.
കടുത്ത പോരാട്ടം കണ്ട സെന്‍റർ കോർട്ടിലെ പോരാട്ടത്തിൽ ആദ്യ സെറ്റ് നേടിയത് ഒന്‍സ് ജാബിയൂറാണ്. മികച്ച പ്രകടനം പുറത്തെടുത്ത ജാബിയൂര്‍ ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കി. റൈബാക്കിനയെ രണ്ട് തവണ ബ്രേക്ക് ചെയ്‌താണ് ജാബിയൂർ മത്സരത്തിൽ ആധിപത്യം നേടിയത്.
എന്നാൽ രണ്ടാം സെറ്റിൽ താളം കണ്ടെത്താൻ വിഷമിച്ച ഒൻസിന് റൈബാക്കിനക്ക് മുന്നിൽ പിടിച്ച് നിൽക്കാനായില്ല. തുടക്കത്തിൽ തന്നെ ബ്രേക്ക് കണ്ടത്തിയ കസാഖ് താരം ഒരിക്കൽ കൂടി ബ്രേക്ക് കണ്ടത്തി 6-2 ന് സെറ്റ് നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ ഒൻസിന്‍റെ ആദ്യ സർവീസ് തന്നെ റൈബാക്കിന ബ്രേക്ക് ചെയ്‌തു. തിരിച്ചുവരവിന്‍റെ സൂചന നൽകിയ ജാബിയൂർ മികച്ച ഷോട്ടുകൾ പുറത്തെടുത്തു. തുടർന്ന് ഒരിക്കൽ കൂടി ഒൻസിന്‍റെ സർവീസ് ബ്രേക്ക് ചെയ്‌ത 6-2 ന് സെറ്റ് നേടിയ റൈബാക്കിന ചരിത്രം കുറിച്ചു.
മത്സരത്തിൽ 4 ബ്രേക്ക് പോയിന്‍റ് നേടിയ റൈബാക്കിന 10 ബ്രേക്ക് പോയിന്‍റുകളാണ് രക്ഷപ്പെടുത്തിയത്. ഒരിക്കൽ കൂടി വനിത വിഭാഗം ടെന്നിസ് എത്രത്തോളം പ്രവചനങ്ങൾക്ക് അതീതം ആണെന്ന് തെളിയിക്കുന്നതായിരുന്നു ഈ ഫൈനൽ. 2011 നുശേഷം വിംബിൾഡണിൽ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായി റൈബാക്കിന.