പാരിസ്: ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ താരങ്ങളായ നെയ്‌മറും കിലിയന്‍ എംബാപ്പെയും അത്ര രസത്തിലല്ലെന്ന കാര്യം പരസ്യമാണ്. ഒരിക്കല്‍ കളിക്കളത്തില്‍ പെനാല്‍റ്റി എടുക്കുന്നതിനായി ഇരുവരും തമ്മില്‍ തര്‍ക്കിച്ച സംഭവം ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ നെയ്‌മറെ ഒഴിവാക്കണമെന്ന് എംബാപ്പെ പിഎസ്‌ജിയോട് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഫ്രഞ്ച് ലീഗ് വൺ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ബ്രസീൽ താരത്തിന്‍റെ ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിയത് കണ്ട് അമ്പരന്ന എംബാപ്പെയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നെയ്‌മറുടെ കിക്ക് ബാറിന് തൊട്ടുതാഴെക്കൂടി വലയിലെത്തിയതാണ് ഫ്രഞ്ച് താരത്തെ ഞെട്ടിപ്പിച്ചത്.
പെനാൽറ്റി ബോക്‌സിന് പുറത്ത് നിന്നുള്ള നെയ്‌മറുടെ കിക്ക് ഗോൾവലയുടെ മുകളിൽ ഇടതു ഭാഗത്താണ് പതിച്ചത്. പന്ത് തടയാൻ ഗോൾ കീപ്പറുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായിരുന്നില്ല. റെയിംസിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയായിരുന്നു നെയ്‌മര്‍ എംബാപ്പെയെ ഞെട്ടിച്ചത്.