ദിബ്രുഗര്‍/ന്യൂഡല്‍ഹി:അസമില്‍ ആർച്ചറി പരിശീലനത്തിനിടെ അമ്പ് കഴുത്തില്‍ തുളച്ചുകയറി പരിക്കേറ്റ വിദ്യാർഥിനിയുടെ ചികിത്സാ ചെലവ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഏറ്റെടുക്കും. സ്പോർട്‌സ് സെക്രട്ടറി ആർഎസ് ജുലാനിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചബുവയിലെ സായിയില്‍ പരിശീലനം നടത്തുന്നതിനിടെയാണ് 12കാരിയായ ശിവാംഗിനി ഗോഹെയ്‌ന് പരിക്കേറ്റത്. പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന വിദ്യാർഥിനിയുടെ ദൃശ്യങ്ങൾ ഇടിവി ഭാരതിന് ലഭിച്ചു.
കഴുത്തില്‍ അമ്പേറ്റ സംഭവം; വിദ്യാർഥിനി അപകടനില തരണം ചെയ്‌തു - ഗുവാർത്തി വാർത്ത
അസമില്‍ ആർച്ചറി പരിശീലനത്തിനിടെ കഴുത്തില്‍ അമ്പേറ്റ ശിവാംഗിനി ഗോഹെയ്‌നിന്‍റെ ചികിത്സാ ചെലവ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി) ഏറ്റെടുക്കുമെന്ന് അധികൃതർ. പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന വിദ്യാർഥിനിയുടെ ദൃശ്യങ്ങൾ ഇടിവി ഭാരതിന് ലഭിച്ചു.
ഗുവാഹത്തിയില്‍ ഇന്ന് ആരംഭിച്ച ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്‍റെ ഭാഗമായി ദിബ്രൂഗർ ജില്ലയിലെ ചബുവയില്‍ നടന്ന തുടർ പരിശീലനത്തിനിടെയാണ് സംഭവം. സാരമായി പരിക്കേറ്റ വിദ്യാർഥിനിയെ നേരത്തെ ആകാശമാർഗം ഡല്‍ഹിയില്‍ എത്തിച്ച് എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ എയിംസിലെ ന്യൂറോളജി ഡിപ്പാർട്ടുമെന്‍റിലെ ട്രോമാ കെയർ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ദിബ്രുഗര്‍ ഡപ്യൂട്ടി കമ്മിഷണർ വ്യക്തമാക്കി.
12 ദിവസങ്ങളിലായി ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത്ഗെയിംസില്‍ 451 ഇനങ്ങളിലായി പതിനായിരത്തിലധികം മത്സരാര്‍ഥികള്‍ മാറ്റുരക്കുന്നുണ്ട്. ജനുവരി 10ന് ആരംഭിക്കുന്ന ഗെയിംസിന് 22-ന് സമാപിക്കും.