കൊല്‍ക്കത്ത: അര്‍ജന്‍റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് കൊല്‍ക്കത്തയില്‍ എത്തി. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് ലോകകപ്പ് ജേതാവായ മാര്‍ട്ടിനെസ് നഗരത്തിലെത്തിയത്. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ പറന്നിറങ്ങിയ 30-കാരന് മോഹൻ ബഗാൻ അധികൃതർ ഊഷ്‌മളമായ സ്വീകരണമാണ് നൽകിയത്.
നൂറുകണക്കിന് ആരാധകരും താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. പെലെ, ഡിഗോ മറഡോണ, ലയണല്‍ മെസി, കഫു, ദുംഗ, കാർലോസ് ആൽബെർട്ടോ വാൽഡെറാമ, തുടങ്ങിയ പ്രതിഭകൾ നേരത്തെ ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് നിലവിലെ ഫിഫ ലോകകപ്പ് ജേതാവായ ഒരു ഫുട്ബോളര്‍ രാജ്യത്ത് എത്തുന്നത്.
ഇന്ത്യയിലേക്ക് വരാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് എമിലിയാനോ മാര്‍ട്ടിനെസ് പ്രതികരിച്ചു. ഇതൊരു മനോഹരമായ രാജ്യമാണ്. ഞാൻ ശരിക്കും ആവേശത്തിലാണ്. ഇന്ത്യയിൽ വരുമെന്ന് ഞാൻ നേരത്തെ വാഗ്‌ദാനം ചെയ്‌തു, അതുനിറവേറ്റിയിരിക്കുകയാണിപ്പോള്‍. ഞാൻ എപ്പോഴും വരാൻ ആഗ്രഹിക്കുന്ന സ്ഥലമാണിത്"- മാര്‍ട്ടിനെസ് പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ നിരവധി പരിപാടികള്‍ മാര്‍ട്ടിനെസിനെ കാത്തിരിപ്പുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 'തഹാദർ കഥ' എന്ന പരിപാടിയിലാണ് താരം ആദ്യം പങ്കെടുക്കുക. അവിടെ അദ്ദേഹം 500 ഓളം സ്‌കൂൾ കുട്ടികളുമായി സംവദിക്കും. തുടര്‍ന്ന് മോഹൻ ബഗാൻ ഗ്രൗണ്ടില്‍ നടക്കുന്ന ഭാസ്‌കർ ഗാംഗുലിയും ഹേമന്ത ഡോറയും ഉൾപ്പെടെ 10 ബംഗാൾ ഗോൾകീപ്പർമാരെ ആദരിക്കുന്ന ചടങ്ങിലും അര്‍ജന്‍റൈന്‍ താരം പങ്കെടുക്കും.
വൈകിട്ട് മോഹൻ ബഗാൻ ഓൾ സ്റ്റാർസും കൊൽക്കത്ത പൊലീസ് ഓൾ സ്റ്റാർസും തമ്മിലുള്ള പ്രദർശന മത്സരവും അദ്ദേഹം ഉദ്‌ഘാനം ചെയ്യും. സന്ദര്‍ശനത്തിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും താരം കാണുമെന്നാണ് വിവരം. ബംഗ്ലാദേശില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് ശേഷമാണ് എമി ഇന്ത്യയില്‍ എത്തിയത്.
2022-ലെ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ വിജയത്തില്‍ പ്രധാന പങ്കാണ് മാര്‍ട്ടിനെസിനുള്ളത്. ഫ്രാൻസിനെതിരായ പെനാൽറ്റി ഷൂട്ടൗട്ടിൽ താരത്തിന്‍റെ മിന്നും പ്രകടനമാണ് അർജന്‍റീനയ്ക്ക് 36 വർഷത്തിന് ശേഷം വീണ്ടുമൊരു ഫിഫ ലോകകപ്പ് നേടിക്കൊടുത്തത്. ലോകകപ്പില്‍ ഗോൾഡൻ ഗ്ലൗസ് അവാർഡ് ജേതാവ് കൂടിയാണ് മാര്‍ട്ടിനെസ്.
ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം സ്വന്തമാക്കാന്‍ എത്തിയ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനാണ് അര്‍ജന്‍റീന കീഴടക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 3-3 എന്ന സ്‌കോറില്‍ സമനില പാലിച്ചതോടെയാണ് കളി പെനാല്‍റ്റിയിലേക്ക് എത്തിയത്.
അര്‍ജന്‍റീനയ്‌ക്കായി കിക്കെടുത്ത നായകന്‍ ലയണല്‍ മെസി, പൗലേ ഡിബാല, ലിയാന്‍ഡ്രോ പരെഡസ്, മോണ്ടിയാല്‍ എന്നിവര്‍ ഗോളടിച്ചു. ഫ്രാന്‍സിനായി കിക്കെടുത്ത കിലിയന്‍ എംബാപ്പെ, കൊലോ മുവാനി എന്നിവര്‍ക്ക് മാത്രാണ് ലക്ഷ്യം കാണാന്‍ കഴിഞ്ഞത്. കിങ്‌സ്‌ലി കോമാന്‍റെ ഷോട്ട് എമിലാനോ മാര്‍ട്ടിനെസ് തടഞ്ഞിട്ടപ്പോള്‍ ഔറേലിയന്‍ ചൗമേനിയുടെ ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു.
ALSO READ: Neymar| മെസിയെ കിട്ടിയില്ല, നെയ്‌മറെ സ്വന്തമാക്കാന്‍ ബാഴ്‌സ; പിഎസ്‌ജിയുമായി ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ട്