ദോഹ: സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനായുള്ള ആദ്യ ഗോളിലൂടെ ടീമിനെ തോല്‍വിയില്‍ നിന്നും കരകയറ്റി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അല്‍ ഫത്ത്ഹിനെതിരായ മത്സരത്തില്‍ ഇഞ്ചുറിടൈമിൽ പെനാൽറ്റിയിലൂടെയാണ് റോണോ സ്‌കോര്‍ ചെയ്‌തത്. ഇതോടെ രണ്ട് ഗോളുകള്‍ വീതം നേടി ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞു.
മത്സരത്തിന്‍റെ 12ാം മിനിട്ടില്‍ ക്രിസ്റ്റ്യന്‍ ടെല്ലോയിലൂടെ അല്‍ ഫത്ത്ഹാണ് ആദ്യം മുന്നിലെത്തിയത്. ഈ ഗോളിന് ആദ്യ പകുതി അവസാനിക്കും മുമ്പ് 42ാം മിനിട്ടില്‍ ആന്‍ഡേഴ്‌സണ്‍ ടലിസ്‌കയിലൂടെ അല്‍ നസ്ര്‍ മറുപടി നല്‍കി. എന്നാല്‍ 58ാം മിനിട്ടില്‍ അല്‍ ഫത്ത്ഹ് വീണ്ടും ലീഡെടുത്തു.
സോഫിയാനെ ബെന്‍ഡെബ്കയാണ് ഗോളടിച്ചത്. ഒടുവില്‍ 93ാം മിനിട്ടിലാണ് റോണോയുടെ ഗോള്‍ വന്നത്. പെനാല്‍റ്റിയിലൂടെ അനായാസമാണ് താരം ലക്ഷ്യം കണ്ടത്. 95ാം മിനിട്ടില്‍ ടാലിസ്‌ക ചുവപ്പ് കാർഡ് കണ്ട് പുറത്തായത് അൽ നസ്റിന് തിരിച്ചടിയായി.
അല്‍ നസ്‌റിനായി നേരത്തെ രണ്ട് മത്സരങ്ങള്‍ കളിച്ചപ്പോഴും 37കാരനായ ക്രിസ്റ്റ്യാനോയ്‌ക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നുന്നില്ല. അതേസമയം ഫത്തേഹിനെതിരെ സമനില വഴങ്ങിയെങ്കിലും ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അല്‍ നസ്‌ര്‍. 15 മത്സരങ്ങളില്‍ നിന്നും 34 പോയിന്‍റാണ് സംഘത്തിനുള്ളത്. 16 മത്സരങ്ങളില്‍ നിന്നും 34 പോയിന്‍റുള്ള അല്‍ ശബാബാണ് രണ്ടാം സ്ഥാനത്ത്.
ALSO READ:'അവിടം എന്‍റെ വീടാണ്'; ബാഴ്‌സലോണയിലേക്ക് തിരികെ വരുമെന്ന് ലയണല്‍ മെസി