ന്യൂഡല്‍ഹി: ടോക്കിയോ പാരാലിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വവസതിയില്‍ സ്വീകരണമൊരുക്കി. കായിക താരങ്ങളും പരിശീലകരും അടങ്ങുന്ന സംഘമാണ് ചടങ്ങിനെത്തിയത്. ഗെയിംസിലെ ചരിത്ര നേട്ടത്തിന് പ്രധാനമന്ത്രി കായിക താരങ്ങളെ അഭിനന്ദിച്ചു.
താരങ്ങളുടെ നേട്ടം രാജ്യത്തെ മുഴുവന്‍ കായിക സമൂഹത്തിന്‍റെയും മനോവീര്യം വര്‍ധിപ്പിക്കുന്നതാണെന്നും വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് മുന്നേറാന്‍ പ്രോത്സാഹനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചടങ്ങൊരുക്കിയതിന് പ്രധാനമന്ത്രിക്ക് പാരാ-അത്‌ലറ്റുകള്‍ നന്ദി പറഞ്ഞു. ടോക്കിയോയില്‍ മെഡലുകള്‍ നേടാന്‍ സഹായിച്ച കായിക ഉപകരണങ്ങള്‍ നിരവധി താരങ്ങള്‍ കയ്യൊപ്പ് ചാര്‍ത്തി പ്രധാനമന്ത്രിക്ക് സമ്മാനിച്ചിട്ടുണ്ട്.