ദോഹ: ഏഷ്യൻ കരുത്തരായ ഇറാനെ കണ്ണീരണിയിച്ച് യുഎസ്‌എ. ഫുട്‌ബോളിന് അപ്പുറം രാഷ്ട്രീയ ശത്രുക്കൾ കൂടിയായ ഇറാനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് അവസാന ഗ്രൂപ്പ് മത്സരത്തിൽ യുഎസ്എ മറികടന്നത്. ക്രിസ്റ്റ്യന്‍ പുലിസിച്ച് നേടിയ ഗോളാണ് സമനില നേടിയാൽ പോലും നോക്കൗട്ടിലെത്തുമായിരുന്ന ഇറാന് മടക്ക ടിക്കറ്റ് നൽകിയത്.
ഇംഗ്ലണ്ടിന് പിറകിൽ രണ്ടാം സ്ഥാനക്കാർ ആയി ആണ് അവർ മുന്നേറിയത്. വെയിൽസ്, ഇംഗ്ലണ്ട് ടീമുകൾക്ക് എതിരെ സമനില വഴങ്ങിയ അമേരിക്കൻ ടീമിന്‍റെ ഈ ലോകകപ്പിലെ ആദ്യ ജയമാണിത്. പ്രീ ക്വാർട്ടറിൽ ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരായ നെതർലൻഡ്‌സാണ് അമേരിക്കയുടെ എതിരാളികൾ.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച യുഎസ്എക്ക് ഇറാന്‍ പ്രതിരോധത്തെ മറികടക്കാനായില്ല. അമേരിക്കന്‍ മുന്നേറ്റനിര പലകുറി ഇറാന്‍ ബോക്‌സില്‍ അപകടം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. വിങ്ങുകളില്‍ നിന്നുള്ള ക്രോസ്സുകള്‍ പ്രതിരോധിക്കാന്‍ ഇറാന്‍ ബുദ്ധിമുട്ടി.
'പുലി'സിച്ച് തീ: മത്സരത്തിൽ 38-ാം മിനിറ്റിലാണ് ഇറാൻ പ്രതിരോധം ഭേദിച്ച അമേരിക്കയുടെ വിജയഗോൾ പിറന്നത്. മകെൻസിയുടെ മികച്ച ബോൾ ഹെഡറിലൂടെ ഡെസ്റ്റ് ക്രിസ്റ്റിയൻ പുലിസികിന് മറിച്ചു നൽകി. തന്റെ സുരക്ഷ വക വക്കാതെ പന്ത് വലയിൽ ആക്കിയ പുലിസിക് അമേരിക്കയ്‌ക്ക് മുൻതൂക്കം സമ്മാനിക്കുക ആയിരുന്നു.
താരത്തിന്‍റെ ധീരമായ നീക്കം ആണ് ആ ഗോൾ സമ്മാനിച്ചത്. ഗോള്‍ നേടാനുള്ള ശ്രമത്തില്‍ ഇറാന്‍ ഗോള്‍ കീപ്പറുടെ കാല് തലയില്‍ കൊണ്ട് പുലിസിച്ചിന് പരിക്കേല്‍ക്കുകയും ചെയ്‌തു. തുടർന്ന് അഞ്ച് മിനിറ്റിന് ശേഷം കളത്തിൽ തിരികെയെത്തിയ പുലിസിച്ചിനെരണ്ടാം പകുതിയിൽ പിൻവലിച്ചു. ഇടക്ക് ടിം വിയ ഗോൾ നേടിയെങ്കിലും റഫറി അത് ഓഫ് സൈഡ് വിളിച്ചു.
രണ്ടാം പകുതിയിൽ സമനില ഗോളിന് ആയി ഇറാൻ ശ്രമിച്ചു എങ്കിലും അമേരിക്കൻ ഗോൾ കീപ്പർ മാറ്റ് ടർണർക്ക് വലിയ പരീക്ഷണം ഒന്നും നേരിടേണ്ടി വന്നില്ല. ബോക്സില്‍ ഇറാന്‍ മുന്നേറ്റനിരതാരത്തെ വീഴ്ത്തിയെന്ന് ആരോപിച്ച് പെനല്‍റ്റിക്കായി ഇറാന്‍ താരങ്ങള്‍ വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. രണ്ടാം പകുതിയില്‍ ലഭിച്ച സുവര്‍ണാവസരങ്ങള്‍ ഇറാന്‍ മുന്നേറ്റ നിര പാഴാക്കിയതോടെ വിജയവുമായി യുഎസ്എ പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തു.
ബി ഗ്രൂപ്പിൽ ഇംഗ്ലണ്ടിന് 7 പോയിന്റുകൾ ഉള്ളപ്പോൾ അമേരിക്കക്ക് 5 പോയിന്റുകളും ഇറാന് 3 പോയിന്റുകളും ആണ് ഉള്ളത്.