ന്യൂയോർക്ക് : യുഎസ് ഓപ്പൺ ടെന്നീസില്‍ നിന്നും അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസ് പുറത്ത്. മൂന്നാം റൗണ്ടിൽ ഓസ്ട്രേലിയയുടെ അജില ടോംലിയാനോവിച്ചിനോടാണ് സെറീന തോല്‍വി വഴങ്ങിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഓസീസ് താരം സെറീനയെ പരാജയപ്പെടുത്തിയത്.
സ്‌കോര്‍: 7-5, 6-7, 6-1. ഇത്തവണത്തെ യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്‍റിന് ശേഷം ടെന്നീസിനോട് വിടപറയുമെന്ന് 40കാരിയായ സെറീന നേരത്തെ പ്രഖ്യാപിച്ചിരുന്നു. മത്സര ശേഷം വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കുമോയെന്ന ചോദ്യത്തിന് "ഞാൻ അങ്ങനെ കരുതുന്നില്ല, പക്ഷേ നിങ്ങൾക്ക് അതേപറ്റി അറിയാനാവില്ല" എന്നാണ് താരം മറുപടി നല്‍കിയത്.
"ഇതൊരു രസകരമായ യാത്രയായിരുന്നു. എന്‍റെ ജീവിതത്തിൽ ഞാൻ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും അവിശ്വസനീയമായ യാത്ര. ജീവിതത്തില്‍ എന്നെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ച ഓരോരുത്തരോടും ഞാൻ വളരെ നന്ദിയുള്ളവനാണ്. നിങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്" സെറീന പറഞ്ഞു.
23 തവണ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ സെറീന പരുക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് അടുത്തിടെ കളിക്കളത്തില്‍ തിരിച്ചെത്തിയത്. 2017ല്‍ ഓസ്ട്രേലിയന്‍ ഓപ്പണിലായിരുന്നു സെറീനയുടെ അവസാന ഗ്രാന്‍ഡ് സ്ലാം നേട്ടം. 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന ഓസ്‌ട്രേലിയന്‍ താരം മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ റെക്കോഡിന് ഒരു കിരീടം അകലെയാണ് സെറീന റാക്കറ്റ് താഴെവയ്ക്കുന്നത്.