ന്യോൺ: ലിവർപൂളും റയൽ മാഡ്രിഡും തമ്മിൽ പാരിസിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുന്നോടിയായി നടന്ന മോശം സംഭവങ്ങളിൽ ആരാധകരോട് ക്ഷമാപണവുമായി യുവേഫ. ടിക്കറ്റെടുക്കാതെയും വ്യാജമായ ടിക്കറ്റുകൾ ഉപയോഗിച്ചും ആരാധകർ സ്റ്റേഡിയത്തിൽ കയറാൻ ശ്രമിക്കുകയും ഇതേതുടർന്ന് ടിക്കെറ്റെടുത്ത ആളുകൾക്ക് പ്രവേശനം ലഭിക്കാൻ വൈകിയിരുന്നു. ആരാധകർ സൃഷ്‌ടിച്ച പ്രശ്‌നങ്ങളെ തുടർന്ന് പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ട സാഹചര്യവും പലരുടെയും സാധനങ്ങൾ കളവു പോയ അവസ്ഥയുമുണ്ടായിരുന്നു.
ടിക്കറ്റ് ലഭിച്ചു കളി കാണാൻ എത്തിയ ലിവർപൂൾ ആരാധകരിലെ വലിയൊരു വിഭാഗത്തിന് നേരെ വളരെ മോശം പെരുമാറ്റമാണ് അധികൃതർ പുറത്ത് എടുത്തത്. തുടർന്ന് ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധം ആണ് ഫുട്‌ബോൾ ലോകത്ത് നിന്നുണ്ടായത്. ഈ സംഭവത്തെക്കുറിച്ച് വിശദീകരണം നൽകാൻ റയൽ മാഡ്രിഡ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് യുവേഫ വൈകിയുള്ള ക്ഷാമാപണവുമായി രംഗത്തെത്തിയത്.