പാരിസ്: യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ വമ്പന്‍ ജയവുമായി ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സ്. നെതര്‍ലന്‍ഡിനെതിരായി നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് എംബാപ്പെയും സംഘവും ജയം പിടിച്ചത്. നായകന്‍ കിലിയന്‍ എംബാപ്പെ ഇരട്ട ഗോളടിച്ച മത്സരത്തില്‍ അന്‍റോയിന്‍ ഗ്രീസ്മാന്‍, ദയോത് ഉപമെക്കാനോ എന്നിവരും ആതിഥേയര്‍ക്കായി എതിര്‍ വലകുലുക്കി.
നെതര്‍ലന്‍ഡിനെ മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ഞെട്ടിക്കാന്‍ ഫ്രാന്‍സിനായി. രണ്ടാം മിനിട്ടില്‍ തന്നെ അവര്‍ ആദ്യ ഗോള്‍ നേടി. കിലിയന്‍ എംബാപ്പെയുടെ അസിസ്റ്റില്‍ നിന്നും അന്‍റോയിന്‍ ഗ്രീസ്‌മാന്‍ ആണ് ആതിഥേയര്‍ക്ക് ആദ്യം ലീഡ് സമ്മാനിച്ചത്.
ഇതില്‍ നിന്നും മുക്തരാകും മുന്‍പ് തന്നെ നെതര്‍ലന്‍ഡ് വലയില്‍ ഫ്രാന്‍സ് വീണ്ടും പന്തെത്തിച്ചു. ഇത്തവണ പ്രതിരോധ നിര താരം ദയോത് ഉപമെക്കാനോ ആയിരുന്നു ഗോള്‍ സ്‌കോറര്‍. മത്സരത്തിന്‍റെ എട്ടാം മിനിട്ടിലായിരുന്നു ഫ്രാന്‍സിന്‍റെ രണ്ടാം ഗോള്‍ പിറന്നത്. തുടര്‍ന്നും മുന്നേറ്റങ്ങള്‍ നടത്തിയ ഫ്രാന്‍സ് 21-ാം മിനിട്ടില്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. കിലിയന്‍ എംബാപ്പെയുടെ വക ആയിരുന്നു ഗോള്‍.
മൂന്ന് ഗോള്‍ പിന്നിലായതിന് പിന്നാലെ തന്ത്രങ്ങള്‍ മാറ്റി പരീക്ഷിക്കാന്‍ ഡച്ച് പരിശീലകന്‍ റൊണാൾഡ് കോമാൻ നിര്‍ബന്ധിതനായി. 33-ാം മിനിട്ടില്‍ മുന്നേറ്റനിര താരം വൗട്ട് വെര്‍ഘോസ്റ്റിനെ കളത്തിലിറക്കി ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ഓറഞ്ച് പട ശ്രമിച്ചു. എന്നാല്‍ ആദ്യ പകുതിയില്‍ തിരിച്ചടിക്കാന്‍ അവര്‍ക്കായില്ല.
രണ്ടാം പകുതിയിലും നിരവധി നീക്കങ്ങള്‍ നെതര്‍ലന്‍ഡ് നടത്തിയെങ്കിലും അതിലൊന്നും ഗോളാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. 88-ാം മിനിട്ടില്‍ ഫ്രാന്‍സ് നലാം ഗോള്‍ നേടി. കിലിയന്‍ എംബാപ്പെയുടെ രണ്ടാം ഗോളായിരുന്നു ഇത്.