കേരളം

kerala

രണ്ട് ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലക്‌സംബര്‍ഗിനെതിരെ പോര്‍ച്ചുഗല്‍ ആറാട്ട്

By

Published : Mar 27, 2023, 7:28 AM IST

യൂറോ കപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ലക്‌സംബര്‍ഗിനെതിരെ എതിരില്ലാത്ത ആറ് ഗോളിന്‍റെ വിജയമാണ് പോര്‍ച്ചുഗല്‍ നേടിയത്. പോര്‍ച്ചുഗലിനായി റൊണാള്‍ഡോ, ജാവൊ ഫെലിക്‌സ്, ബെര്‍ണാഡോ സില്‍വ, ഒട്ടാവിയോ, റാഫേല്‍ ലിയോ എന്നിവാരാണ് എതിര്‍ വലയില്‍ പന്തെത്തിച്ചത്.

uefa euro 2024  uefa euro 2024 qualifier  portugal vs luxembourg  cristiano ronaldo goals against luxembourg  portugal goals against luxembourg  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  പോര്‍ച്ചുഗല്‍  യൂറോ കപ്പ് യോഗ്യത റൗണ്ട്  യൂറോ കപ്പ്  ലക്‌സംബര്‍ഗ്  പോര്‍ച്ചുഗല്‍ ലക്‌സംബര്‍ഗ്
Portugal National Football Team

ലക്‌സംബര്‍ഗ്:യൂറോകപ്പ് യോഗ്യത റൗണ്ടിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വമ്പന്‍ ജയവുമായി മുന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍. ഗ്രൂപ്പ് ജെ യിലെ പോരാട്ടത്തില്‍ പറങ്കിപ്പടയുടെ തേരോട്ടത്തിന് മുന്നില്‍ ലക്‌സംബര്‍ഗാണ് വീണത്. ലിച്ചന്‍സ്റ്റീനെതിരായ മത്സരത്തിന് പിന്നാലെ ലക്‌സംബര്‍ഗിനെതിരെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോളുമായി മിന്നിയപ്പോള്‍ എതിരില്ലാത്ത 6 ഗോളിന്‍റെ വിജയം നേടാന്‍ പോര്‍ച്ചുഗലിന് സാധിച്ചു.

റൊണാള്‍ഡോയെ കൂടാതെ ജാവൊ ഫെലിക്‌സ്, ബെര്‍ണാഡോ സില്‍വ, ഒട്ടാവിയോ, റാഫേല്‍ ലിയോ എന്നിവരും പറങ്കിപ്പടയ്‌ക്കായി ഗോള്‍ നേടി. ലക്‌സംബര്‍ഗിനെതിരായ മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെയാണ് പോര്‍ച്ചുഗല്‍ ഗോള്‍ വേട്ട തുടങ്ങിയത്. തുടക്കം മുതല്‍ എതിര്‍ ഗോള്‍ മുഖത്തേക്ക് പാഞ്ഞെത്തിയ പറങ്കിപ്പടയ്‌ക്ക് 9-ാം മിനിട്ടില്‍ തന്നെ ആദ്യ ഗോള്‍ നേടാനായി.

തൊട്ടുപിന്നാലെ 15-ാം മിനിട്ടില്‍ പോര്‍ച്ചുഗല്‍ രണ്ടാം ഗോളും നേടി. ജാവൊ ഫെലിക്‌സ് ആയിരുന്നു പോര്‍ച്ചുഗലിന്‍റെ ലീഡ് ഉയര്‍ത്തിയത്. ഈ ഗോളാഘോഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ പോര്‍ച്ചുഗല്‍ വീണ്ടും ലക്‌സംബര്‍ഗ് വലയില്‍ പന്തെത്തിച്ചു.

ഇത്തവണ ബെര്‍ണാഡോ സില്‍വ ആയിരുന്നു ഗോള്‍ സ്‌കോറര്‍. 18-ാം മിനിട്ടിലാണ് പോര്‍ച്ചുഗല്‍ മൂന്നാം ഗോള്‍ നേടിയത്. മത്സരത്തിന്‍റെ ആദ്യ 20 മിനിട്ടിനുള്ളില്‍ തന്നെ മൂന്ന് ഗോളടിച്ച പറങ്കിപ്പട 31-ാം മിനിട്ടില്‍ ലീഡ് നാലാക്കി ഉയര്‍ത്തി.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ ആയിരുന്നു അവര്‍ ലീഡ് വീണ്ടും ഉയര്‍ത്തിയത്. അന്താരാഷ്‌ട്ര കരിയറില്‍ റൊണാള്‍ഡോയുടെ 122-ാം ഗോള്‍ ആയിരുന്നു ഇത്. ഇതോടെ നാല് ഗോള്‍ ലീഡുമായാണ് പോര്‍ച്ചുഗല്‍ ലക്‌സംബര്‍ഗിനെതിരായ മത്സരത്തിന്‍റെ ഒന്നാം പകുതി അവസാനിപ്പിച്ചത്.

മത്സരത്തിന്‍റെ 65-ാം മിനിട്ടില്‍ ഇരട്ടഗോള്‍ നേടിയ റൊണാള്‍ഡോയെ പിന്‍വലിച്ച് ഗോണ്‍സാലോ റാമോസിനെ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് കളത്തിലിറക്കി. പിന്നാലെ 77-ാം മിനിട്ടില്‍ ഒട്ടാവിയോ പോര്‍ച്ചുഗല്‍ അഞ്ചാം ഗോള്‍ നേടി.

85-ാം മിനിട്ടില്‍ പോര്‍ച്ചുഗലിന് അനുകൂലമായൊരു പെനാല്‍റ്റി ലഭിച്ചിരുന്നു. എന്നാല്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ കിക്കെടുത്ത റാഫേല്‍ ലിയോക്ക് സാധിച്ചില്ല. പെനാല്‍റ്റി പാഴാക്കിയ റാഫേല്‍ ലിയോ തന്നെ ആയിരുന്നു പറങ്കിപ്പടയുടെ ആറാം ഗോള്‍ നേടിയത്. 88-ാം മിനിട്ടിലായിരുന്നു ഈ ഗോള്‍.

യൂറോ കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ജെയില്‍ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ലിച്ചന്‍സ്റ്റീനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗല്‍ വീഴ്‌ത്തിയത്. ഈ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോള്‍ നേടിയപ്പോള്‍ ബെര്‍ണാഡോ സില്‍വ, ജോവോ കാന്‍സലോ എന്നിവരും പറങ്കിപ്പടയ്‌ക്കായി എതിര്‍വല കുലുക്കി.

ചാമ്പ്യന്മാര്‍ക്ക് ആദ്യ ജയം:യോഗ്യത റൗണ്ടില്‍ നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരയ ഇറ്റലിക്ക് ആദ്യ ജയം. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ മാള്‍ട്ടയെ ആണ് ഇറ്റലി തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളിന്‍റെ കരുത്തിലാണ് അസൂറിപ്പടയുടെ ജയം.

മറ്റെയോ റെറ്റാഗുയി, പെസിന എന്നിവരാണ് ഇറ്റലിക്കായി മാള്‍ട്ടയുടെ വലയില്‍ പന്തെത്തിച്ചത്. നേരത്തെ യൂറോ കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരം ഇംഗ്ലണ്ടിനോട് ഇറ്റലി 2-1 ന് പരാജയപ്പെട്ടിരുന്നു.

ജയം തുടര്‍ന്ന് ഇംഗ്ലണ്ട്:ഗ്രൂപ്പ് സിയിലെ രണ്ടാം പോരാട്ടത്തിനിറങ്ങിയ ഇംഗ്ലണ്ട് ഇന്നലെ നടന്ന മത്സരത്തില്‍ യുക്രൈനെ ആണ് തോല്‍പ്പിച്ചത്. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം. ഹാരി കെയ്‌ന്‍, ബുക്കായോ സാക്ക എന്നിവരായിരുന്നു ഇംഗ്ലണ്ടിന്‍റെ ഗോള്‍ സ്‌കോറര്‍മാര്‍.

മത്സരത്തിന്‍റെ ഒന്നാം പകുതിയിലാണ് രണ്ട് ഗോളും ഇംഗ്ലണ്ട് നേടിയത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ടാണ് നിലവില്‍ ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്ത്.

Also Read:ഇടിക്കൂട്ടിൽ ഇന്ത്യയുടെ സ്വർണ കൊയ്‌ത്ത് ; നിഖാതിന് പിന്നാലെ ല‌വ്‌ലിനയ്‌ക്കും വിജയം, ഇന്ത്യക്ക് നാലാം സ്വർണം

ABOUT THE AUTHOR

...view details