പാരിസ്: യൂറോപ്യൻ ഫുട്‌ബോളിലെ താരരാജക്കൻമാർ തങ്ങളാണെന്ന് ഒരിക്കൽ കൂടെ അടിവരയിട്ടുകൊണ്ട് റയൽ മഡ്രിഡ്. ഫൈനലിൽ ലിവർപൂളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് റയൽ ചാമ്പ്യന്മാരായത്. 59-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറാണ് റയലിനായി വിജയഗോൾ നേടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും ഗോളെന്നുറച്ച ഒൻപത് ഷോട്ടുകൾ തടഞ്ഞ റയൽ ഗോൾകീപ്പർ തിബോ കോർട്ടോയുടെ പ്രകടനമാണ് ലിവർപൂളിനെ കിരീടത്തിൽ നിന്നകറ്റിയത്.
റയലിന്‍റെ 14-ാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. ലിവർപൂൾ ഒരിക്കൽക്കൂടി ഫൈനലിൽ റയലിന് മുന്നിൽ മുട്ടുമടക്കി. 2017-18 ചാമ്പ്യൻസ് ലീഗ് ഫൈനലിലും ലിവർപൂൾ റയലിനുമുന്നിൽ പരാജയപ്പെട്ടിരുന്നു. 15 ഗോളുകൾ നേടിക്കൊണ്ട് റയലിന്‍റെ കരിം ബെൻസേമ ചാമ്പ്യൻസ് ലീഗിലെ ടോപ്‌സ്‌കോറർ പുരസ്‌കാരം സ്വന്തമാക്കി.
അതിമാനുഷികനായി കോർട്ടോ; മത്സരത്തിന്‍റെ 16-ാം മിനിറ്റിൽ ലിവർപൂൾ താരം മുഹമ്മദ് സലയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് റയൽ ഗോൾകീപ്പർ കോർട്ടോ തട്ടിയകറ്റി. 18-ാം മിനിറ്റിൽ വീണ്ടും സല ഗോളിനടുത്തെത്തിയെങ്കിലും അതും കോർട്ടോ വിഫലമാക്കി. 20-ാം മിനിറ്റിൽ സാദിയോ മാനെ പോസ്റ്റിലേക്ക് വെടിയുതിർത്തെങ്കിലും കൈയില്‍ തട്ടിയ പന്ത് പോസ്റ്റിലിടിച്ച് തെറിച്ചു.