പാരിസ് : യുവേഫ ചാമ്പ്യൻസ് ലീഗിലെ (UEFA Champions League) മരണ ഗ്രൂപ്പിലെ സൂപ്പര്‍ പോരാട്ടങ്ങളിൽ പിഎസ്‌ജിക്കും ബൊറൂസിയ ഡോർട്‌മുണ്ടിനും ജയം. പാരിസിലെ പാർക് ഡി പ്രിൻസസ് സ്റ്റേഡിയത്തിൽ എസി മിലാനെ നേരിട്ട പിഎസ്‌ജി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ പിഎസ്‌ജിയെ തകർത്തെറിഞ്ഞ ആത്മവിശ്വാസത്തോടെയെത്തിയ ന്യൂകാസിൽ യുണൈറ്റഡിനെയാണ് ഡോർട്‌മുണ്ട് പരാജയപ്പെടുത്തിയത്.
പാരിസില്‍ നടന്ന മത്സരത്തില്‍ സൂപ്പർതാരം കിലിയൻ എംബാപ്പെയാണ് പിഎസ്‌ജിയുടെ ആദ്യ ഗോള്‍ നേടിയത്. കോലോ മുവാനി, ലീ കാങ് എന്നിവരുടെ വകയായിരുന്നു മറ്റ് ഗോളുകള്‍. ജയത്തോടെ പിഎസ്‌ജി ഗ്രൂപ്പിൽ ഒന്നാം സ്ഥാനം തിരികെപ്പിടിച്ചു. നാല് പോയിന്‍റ് വീതമുള്ള ഡോർട്‌മുണ്ട്, ന്യൂകാസിൽ ടീമുകളാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്.
എതിരാളികളുടെ മൈതാനത്ത് എസി മിലാന്‍റെ മുന്നേറ്റങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. എന്നാല്‍, 32-ാം മിനിറ്റിൽ എംബാപ്പെയിലൂടെ ലീഡെടുത്ത പിഎസ്‌ജി മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. കൗമാര താരം സെയ്ര്‍ എമെറിയുടെ പാസിൽ നിന്നായിരുന്നു എംബാപ്പെയുടെ ഉഗ്രൻ ഫിനിഷ്. എമെറിയുടെ മികച്ചൊരു റണ്ണിനൊടുവില്‍ പന്ത് സ്വീകരിച്ച എംബാപ്പെ ബോക്‌സിനകത്തുവച്ച ഷൂട്ട് ചെയ്യുകയായിരുന്നു. ഈ സീസണില്‍ പിഎസ്‌ജിക്കായി കിലിയൻ എംബാപ്പെ നേടുന്ന 13-ാം ഗോളാണിത്. ആദ്യ പകുതിയിൽ പിഎസ്‌ജി ഒരു ഗോളിന് മുന്നിലായിരുന്നു.
രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്ന പിഎസ്‌ജിക്കായി 48-ാം മിനിറ്റിൽ ഒസ്‌മാൻ ഡെംബെലെ ലക്ഷ്യം കണ്ടെങ്കിലും ഗോളിലേക്കുള്ള മുന്നേറ്റത്തിൽ ഫൗൾ കണ്ടെത്തിയ വീഡിയോ അസിസ്റ്റന്‍റ് റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു. 53-ാം മിനിറ്റില്‍ കോലോ മുവാനി നേടിയ ഗോളിലൂടെ പിഎസ്‌ജി ലീഡ് ഇരട്ടിയാക്കി. ഡെംബെലെയുടെ ഷോട്ട് എസി മിലാൻ ഗോൾകീപ്പര്‍ മൈഗ്നൻ സേവ് ചെയ്‌തെങ്കിലും റീബൗണ്ടിൽ നിന്ന് കോലോ മുവാനി ഗോളാക്കുകയായിരുന്നു.
കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നില്‍ക്കെയാണ് ലീ കാങ് പിഎസ്‌ജിയുടെ വിജയം ഉറപ്പിച്ച മൂന്നാം ഗോള്‍ നേടിയത്. പകരക്കാരനായി കളത്തിലിറങ്ങിയാണ് ലീ കാങ് സ്‌കോര്‍ ചെയ്‌തത്. ആദ്യ ഗോളിന് വഴിയൊരുക്കിയ സെയ്ര്‍ എമെറി തന്നെയാണ് പിഎസ്‌ജിയുടെ മൂന്നാം ഗോളിനും അസിസ്റ്റ് നല്‍കിയത്.
തോൽവിക്കൊപ്പെം പരിക്കും, ന്യുകാസിലിന് ഇരട്ടപ്രഹരം: സെന്‍റ് ജെയിംസ് പാർക്കിൽ ന്യൂകാസിൽ യുണൈറ്റഡിനെ നേരിട്ട ബൊറൂസിയ ഡോർട്‌മുണ്ട് ഏകപക്ഷീയമായ ഒരു ഗോളിന്‍റെ വിജയമാണ് നേടിയത് (Newcastle United Vs Borussia Dortmund). മത്സരത്തിന്‍റെ 43-ാം മിനിറ്റിൽ ഫെലിക്‌സ് എൻമെച്ച നേടിയ ഗോളിലാണ് ഡോർട്‌മുണ്ട് ജയവും നിർണായകമായ മൂന്ന് പോയിന്‍റും പോക്കറ്റിലാക്കിയത്. ഈ ജയത്തോടെ കടുത്ത പോരാട്ടം നടക്കുന്ന ഗ്രൂപ്പ് എഫിൽ നിന്ന് ഡോർട്‌മുണ്ടിന് നോക്കൗട്ട് പ്രതീക്ഷ സജീവമാക്കാനുമായി.
ഡോർട്‌മുണ്ടിനെതിരായ തോൽവിയെക്കാൾ അലക്‌സാണ്ടർ ഇസാക്, ജേക്കബ് മർഫി എന്നിവരുടെ പരിക്കുകളായിരിക്കും ന്യൂകാസിൽ പരിശീലകനായ എഡ്വി ഹോയ്‌ക്ക് വെല്ലുവിളി സൃഷ്‌ടിക്കുക. മത്സരം 15 മിനിറ്റിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ പരിക്കേറ്റ ഇസാക് കളംവിട്ടിരുന്നു. രണ്ടാം പകുതിയിലാണ് ജേക്കബ് മർഫിയെ കോച്ച് തിരികെ വിളിച്ചത്. ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.