ഗ്ലാസ്‌ഗോ (സ്‌കോട്ട്ലന്‍ഡ്):യവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍മഴ പെയ്യിച്ച് ലിവര്‍പൂള്‍. സൂപ്പര്‍ താരം മുഹമ്മദ് സല ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തില്‍ ഒന്നിനെതിരെ ഏഴുഗോളുകള്‍ക്കാണ് സ്‌കോട്ടിഷ് ക്ലബായി റേഞ്ചേഴ്‌സിനെ തകര്‍ത്തത്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഹാട്രിക്കാണ് മത്സരത്തില്‍ സല നേടിയത്.
മത്സരത്തിന്‍റെ പതിനേഴാം മിനിട്ടില്‍ സ്‌കോട്ട് ആര്‍ഫീല്‍ഡിലൂടെ റേഞ്ചേഴ്‌സാണ് ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 24ാം മിനിട്ടില്‍ റോബര്‍ട്ടോ ഫിര്‍മിനോ ഇംഗ്ലീഷ് വമ്പന്മാരെ ഒപ്പമെത്തിച്ചു. സമാസമമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പുതിയില്‍ സ്‌കോട്ടിഷ് ക്ലബിനെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു.
55ാം മിനിട്ടില്‍ ഫിര്‍മിനോ ലിവര്‍പൂള്‍ ലീഡുയര്‍ത്തി. 66ാം മിനുട്ടില്‍ ഡാര്‍വിന്‍ ന്യൂനലസിലൂടെയായിരുന്നു മൂന്നാം ഗോള്‍. 68ാം മിനുട്ടില്‍ സല ഗ്രൗണ്ടിലെത്തിയതോടെ ഗോള്‍ വര്‍ഷമാണ് പിന്നീട് കണ്ടത്.
മത്സരത്തിന്‍റെ 75ാം മിനിട്ടിലാണ് സല ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 80ാം മിനിട്ടില്‍ രണ്ടാം ഗോള്‍ പിറന്നു. രണ്ടാം ഗോളിന് ഒരു നിമിഷം മാത്രം പിന്നിട്ടപ്പോഴാണ് മുഹമ്മദ് സല ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ വേഗമേറിയ ഹാട്രിക് പൂര്‍ത്തിയാക്കിയത്.
ഹാര്‍വി എല്യോട്ടാണ് റേഞ്ചേഴ്‌സിനെതിരായ പോരാട്ടത്തില്‍ ലിവര്‍പൂള്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. 87ാം മിനിട്ടിലായിരുന്നു അവസാന ഗോള്‍. ജയത്തോടെ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിലെ അവസാന പതിനാറില്‍ സ്ഥാനം ഉറപ്പിച്ചു.