യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ രാജാക്കൻമാരായ റയൽ മാഡ്രിഡ്, സീരി എ ജേതാക്കളായ നാപോളി, പോർച്ചുഗീസ് ക്ലബായ എസ്.സി ബ്രാഗ, ബുന്ദസ് ലീഗ ടീമായ യൂണിയൻ ബെർലിൻ എന്നിവർ അണിനിരക്കുന്നതാണ് ഗ്രൂപ്പ് സി. 14 തവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സാന്‍റിയാഗോ ബെർണാബ്യൂവിൽ എത്തിച്ച ലോസ് ബ്ലാങ്കോസും 33 വർഷത്തിന് ശേഷം ആദ്യമായി ഇറ്റാലിയൻ ലീഗ് സ്വന്തമാക്കിയ നാപോളിയും തമ്മിലായിരിക്കും പ്രധാന പോരാട്ടം. ആദ്യമായി ചാമ്പ്യൻസ് ലീഗ് കളിക്കാനെത്തുന്ന യൂണിയൻ ബെർലിൻ വെല്ലുവിളി ഉയർത്തിയേക്കും (UEFA Champions League Group C).
ഗ്രൂപ്പ് സി : നാപോളി, റയൽ മാഡ്രിഡ്, എസ്.സി ബ്രാഗ, യൂണിയൻ ബെർലിൻ
നാപോളി (Napoli) :33 വർഷങ്ങൾക്ക് ശേഷം ആദ്യ സിരി എ കിരീടം നേടിയ പകിട്ടിലാണ് നാപോളി ഇത്തവണ യൂറോപ്യൻ പോരാട്ടത്തിനെത്തുന്നത്. അർജന്‍റൈൻ ഇതിഹാസം ഡീഗോ മറഡോണ ക്ലബ് വിട്ടതിന് ശേഷമുള്ള ആദ്യ ലീഗ് കിരീടമായിരുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ചരിത്ര വിജയത്തിലേക്ക് ടീമിനെ നയിച്ച പരിശീലകൻ ലൂസിയാനോ പടിയിറങ്ങുകയും പ്രതിരോധ താരം കിം മിൻ-ജെ ബയേണിലേക്ക് കൂടുമാറിയതും മാറ്റിനിർത്തിയാൽ ബാക്കി താരങ്ങളെല്ലാം ടീമിൽ തുടരുകയാണ്. ഇത് യൂറോപ്യൻ ചാമ്പ്യൻഷിപ്പ് അടക്കമുള്ള വലിയ വേദികളിൽ ഒത്തിണക്കത്തോടെ കളിക്കാൻ ടീമിന് സഹായകരമാകും.
പ്രധാന താരങ്ങളെല്ലാം ടീം വിട്ട സാഹചര്യത്തിൽ കൃത്യമായ ട്രാൻസ്‌ഫറുകളിലൂടെ ടീമിനെ ഈ നിലവാരത്തിലേക്ക് എത്തിച്ചത് സ്പെല്ലെറ്റി ആയിരുന്നു. പരമ്പരാഗതമായ ഇറ്റാലിയൻ ശൈലിയായ പ്രതിരോധ ഫുട്‌ബോളിൽ നിന്ന് നാപോളി മാറിയതും സ്പെല്ലെറ്റിയുടെ കീഴിലായിരുന്നു. ഇതോടെ നാപോളിയുടെ ഗോൾവേട്ടയ്‌ക്ക് മുന്നിൽ പല ടീമുകളും നിലം പരിശാകുന്നതാണ് കണ്ടത്.
നൈജീരിയൻ സ്‌ട്രൈക്കർ വിക്‌ടർ ഒസിമെൻ, ജോർജിയയുടെ ക്വിച്ച ക്വരാറ്റ്സ്ഖേലിയ, ഇറ്റാലിയൻ താരങ്ങളായ മാറ്റിയോ പൊളിറ്റാനോ, ജിയകോമോ റാസ്‌പദോറി അടക്കമുള്ളവരാണ് മുന്നേറ്റം നയിക്കുന്നത്. കഴിഞ്ഞ സീസണിൽ 31 ഗോളുകൾ നേടിയ ഒസിമെൻ ഇത്തവണയും ഗോളടി തുടരുന്നത് നാപോളിക്ക് പ്രതീക്ഷ നൽകുന്നതാണ്. ഗോളടിക്കുന്നതിനൊപ്പം ഗോളുകൾ അടിപ്പിക്കുകയും ചെയ്യുന്ന താരമാണ് ക്വരാറ്റ്സ്ഖേലിയ. പ്രതിരോധത്തിൽ കിം മിൻ-ജെയുടെ അഭാവം മാത്രമാണ് നിഴലിക്കുന്നത്.
കഴിഞ്ഞ സീസണിൽ ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിലെത്തിയ നാപോളി ക്വാർട്ടറിൽ എസി മിലാനോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും ചാമ്പ്യൻസ് ലീഗിനെത്തുന്നത്. ലൂസിയാനോ സ്‌പെല്ലേറ്റി ടീം വിട്ടതോടെ പുതിയ പരിശീലകനായ റൂഡി ഗാർഷ്യയാണ് ഇറ്റാലിയൻ ടീമിനെ നയിക്കുന്നത്.
റയൽ മാഡ്രിഡ് (Real Madrid): നാപോളി ഒഴികെ താരതമ്യന ദുർബലരായ എതിരാളികൾ ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് അനായാസം നോക്കൗട്ടിലെത്തുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ തകർന്നടിഞ്ഞ ലോസ് ബ്ലാങ്കോസ് പതിനഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്‌ന നേട്ടമാണ് ലക്ഷ്യമിടുന്നത്. ചാമ്പ്യൻസ് ലീഗിലെ രാജാക്കൻമാരായ റയൽ ഇത്തവണ നിരവധി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
പ്രധാന താരങ്ങൾ ടീം വിട്ടതും നിരവധി താരങ്ങളുടെ പരിക്കും സ്‌പാനിഷ് വമ്പൻമാർക്ക് വലിയ വെല്ലുവിളിയാണ്. മുന്നേറ്റനിരയിലെ പ്രധാന താരമായിരുന്ന ഫ്രഞ്ച് താരം കരിം ബെൻസേമ ടീം വിട്ടിരുന്നു. സൗദി പ്രോ ലീഗ് ക്ലബായ അൽ ഇത്തിഹാദിലേക്കാണ് താരം ചേക്കേറിയത്. ബെൻസേമയുടെ വിടവ് നികത്താൻ പാകത്തിലുള്ള പരിചയ സമ്പന്നനായ മുന്നേറ്റനിര താരത്തിന്‍റെ അഭാവം വലിയ തലവേദനയാണ് സൃഷ്‌ടിക്കുന്നത്. എസ്‌പാന്യോളിൽ നിന്ന് 33-കാരനായ ജൊസേലുവിനെയാണ് റയൽ ടീമിലെത്തിച്ചത്.
ജർമൻ ക്ലബ് ബൊറൂസിയ ഡോർട്‌മുണ്ട് താരമായിരുന്ന ഇംഗ്ലീഷ് യുവതാരം ജൂഡ് ബെല്ലിങ്‌ഹാം റയൽ മാഡ്രിഡിലെത്തി. 100 മില്യൺ മുടക്കിയാണ് 20-കാരനായ മധ്യനിര താരത്തെ റയൽ ടീമിലെത്തിച്ചത്. അരങ്ങേറ്റ മത്സരം മുതൽ ഗോളടിച്ച് തുടങ്ങിയ ബെല്ലിങ്‌ഹാമിന്‍റെ മികവിലാണ് റയൽ കുതിക്കുന്നത്. ലീഗിൽ നാല് മത്സരങ്ങൾ കളിച്ച താരം ഇതുവരെ അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഗോളടിക്കുന്നതിനായി മധ്യനിര താരങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അത് എത്രത്തോളം ഫലപ്രദമാകും എന്നതിനെ ആശ്രയിച്ചിരിക്കും റയലിന്‍റെ മുന്നോട്ടുള്ള കുതിപ്പ്. ചാമ്പ്യൻസ് ലീഗ് പോലെയുള്ള വലിയ വേദികളിൽ മികച്ച സ്ട്രൈക്കറുടെ വെല്ലുവിളി സൃഷ്‌ടിച്ചേക്കാം. യുവതാരങ്ങളായ ഒറെലിയന്‍ ചൗമെനി, എഡ്വാർഡോ കാമവിംഗ തുടങ്ങിയവർക്കൊപ്പം ലൂക മോഡ്രിച്ച്, ടോണി ക്രൂസ് എന്നീ പരിചയസമ്പന്നരായ താരങ്ങൾ കൂടെ ചേരുന്നതോടെ മധ്യനിര കൂടുതൽ ശക്‌തമാകും.
പ്രതിരോധ താരം എഡർ മിലിറ്റാവോ, വിനീഷ്യസ് ജൂനിയർ, ഗോൾകീപ്പർ തിബോ കോർട്ടോ എന്നിവരുടെ പരിക്ക് ടീമിന്‍റെ പ്രകടനത്തിൽ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. സീസണിന്‍റെ തുടക്കത്തിൽ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് ടീമിന്‍റെ അഭിവാജ്യ ഘടകമായിരുന്ന കോർട്ടോ പുറത്തായത്. ചെൽസിയുടെ സ്‌പാനിഷ് ഗോൾകീപ്പർ കെപ്പ അരിസബലാഗയെയാണ് പകരം ടീമിലെത്തിച്ചിട്ടുള്ളത്.
എസ്.സി ബ്രാഗ (SC Braga): പോർച്ചുഗീസ് ലീഗിൽ മൂന്നാമതായാണ് പത്ത് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ബ്രാഗ ചാമ്പ്യൻസ് ലീഗിനെത്തുന്നത്. 2012-13 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ഗാലാട്ടസറെ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എച്ചിൽ ഉൾപ്പെട്ട ബ്രാഗ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. ജോസെ ഫോണ്ടെ, ജോവോ മൗട്ടീഞ്ഞോ അടക്കമുള്ള താരങ്ങളെയാണ് ടീമിലെത്തിച്ചിട്ടുള്ളത്. എങ്കിലും റയലും നാപോളിയും അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് പ്രവേശനം വളരെ ബുദ്ധിമുട്ടേറിയതായിരിക്കും. മൂന്നാം സ്ഥാനത്തോടെ യൂറോപ ലീഗ് പ്രവേശനമായിരിക്കും പ്രധാനമായും ലക്ഷ്യമിടുന്നത്.
യൂണിയൻ ബെർലിൻ (Union Berlin): ക്ലബ് ചരിത്രത്തിൽ ആദ്യമായാണ് ജർമൻ ടീമായ യൂണിയൻ ബെർലിൻ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നത്. 2019ൽ ആദ്യമായി ബുന്ദസ് ലീഗിലെത്തിയ ടീം സ്വപ്‌നതുല്യമായ കുതിപ്പിലൂടയാണ് നാല് വർഷത്തിനുപ്പുറം യൂറോപ്യൻ പോരാട്ടത്തിനെത്തുന്നത്. 2021-22 സീസണിൽ യൂറോപ കോൺഫറൻസ് ലീഗിന് യോഗ്യത നേടിയ തൊട്ടടുത്ത വർഷം യൂറോപ ലീഗിലേക്കും പ്രവേശനം നേടിയിരുന്നു.
കഴിഞ്ഞ സീസണിൽ ലീഗിൽ നാലാം സ്ഥാനമാണ് നേടിയത്. ഉർസ് ഫിഷർ എന്ന പരിശീലകന് കീഴിൽ കൗണ്ടർ അറ്റാക്ക് ഫുട്‌ബോളാണ് യൂണിയൻ ബർലിൻ കളിക്കുന്നത്. കഴിഞ്ഞ നാല് സീസണുകളിൽ ജർമൻ ലീഗിലെ മികച്ച പ്രകടനം ചാമ്പ്യൻസ് ലീഗ് പോലെയൊരു വലിയ വേദിയിൽ തുടരാനാകുമോ എന്നാണ് മുന്നിലുള്ള പ്രധാന വെല്ലുവിളി.