ഹൈദരാബാദ്: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ കനക കിരീടം 14 തവണ സാന്‍റിയാഗോ ബെർണാബ്യൂവിൽ എത്തിച്ച് യുറോപ്യൻ ഫുട്‌ബോളിൽ തങ്ങൾക്ക് പകരക്കാരില്ലെന്ന് തെളിയിച്ച സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡിനൊപ്പം ജർമ്മൻ ക്ലബായ ആർ ബി ലെയ്‌പ്‌സിഗ്, യുക്രൈൻ ടീം ഷാക്‌തർ ഡൊണടെസ്‌ക്, സ്‌കോട്ടിഷ് ലീഗിലെ വമ്പൻമാരായ സെൽറ്റികും ചേരുന്നതാണ് ഗ്രൂപ്പ് എഫ്. റയൽ മാഡ്രിഡും ഷാക്‌തറും അവസാന മൂന്ന് സീസണുകളായി ഒരേ ഗ്രൂപ്പിലാണ് ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നത്.
ഗ്രൂപ്പ് എഫ്: റയൽ മാഡ്രിഡ്, ആർ ബി ലെയ്‌പ്‌സിഗ്, ഷാക്‌തർ ഡൊണടെസ്‌ക്, സെൽറ്റിക് എഫ്‌സി
റയൽ മാഡ്രിഡ്: പതിനഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപനത്തിലേക്ക് കണ്ണും നട്ടാണ് ഇത്തവണ ലോസ് ബ്ലാങ്കോസ് യുറോപ്യൻ ഫുട്‌ബോളിനെത്തുന്നത്. താരതമ്യേന കരുത്തരായ എതിരാളികൾ ഇല്ലാത്ത ഗ്രൂപ്പിൽ നിന്നും അനായാസം പ്രീ ക്വാർട്ടിലെത്തുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ സീസണിൽ ഇതിഹാസ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ ആരാധകരെയെല്ലാം ആവേശത്തിന്‍റെ കൊടുമുടിയിലേറ്റിയാണ് റയൽ മാഡ്രിഡ് തങ്ങളുടെ 14-ാം യൂറോപ്യൻ കിരീടം ഷെൽഫിലെത്തിച്ചത്. പിഎസ്‌ജി, മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകൾക്കെതിരായ മത്സരങ്ങളിലെല്ലാം അവിശ്വസിനീയമായ തിരിച്ചുവരവുകൾക്കാണ് ഫുട്‌ബോൾ ലോകം സാക്ഷിയായത്.
റയലിന്‍റെ മധ്യനിരയിൽ പ്രധാന താരമായിരുന്ന ബ്രസീലിയൻ താരം കാസെമിറോ ഈ സീസണിന്‍റെ തുടക്കത്തിൽ ടീം വിട്ടിരുന്നു. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കാണ് താരം ചേക്കേറിയത്. പകരം യുവതാരങ്ങളായ ഒറെലിയന്‍ ചൗമെനി, എഡ്വാർഡോ കാമവിംഗ തുടങ്ങിയ യുവതാരങ്ങളെ നേരത്തെ റയൽ ടീമിലെത്തിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ലൂക മോഡ്രിച്ച്, ടോണി ക്രൂസ് എന്നീ പരിചയസമ്പന്നരായ താരങ്ങൾ കൂടെ ചേരുന്നതോടെ മധ്യനിര കൂടുതൽ ശക്‌തമാകും.
1997- 98 സീസണിന് ശേഷം എല്ലാ ചാമ്പ്യൻസ് ലീഗിലും ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായിട്ടില്ല. മറ്റൊരു റെക്കോഡിന് കൂടെ അരികിലാണ് റയൽ. 2011-12, 2014- 15 സീസണുകളിൽ ഗ്രൂപ്പുകളിലെ 6 മത്സരങ്ങളിലും വിജയം നേടിയാണ് നോക്കൗട്ടിലെത്തിയിരുന്നത്. അതുകൊണ്ട് തന്നെ അത്ര കടുപ്പമല്ലാത്ത ഗ്രൂപ്പിൽ നിന്നും എല്ലാ മത്സരങ്ങളും വിജയിച്ച് മൂന്ന് തവണ ഈ നേട്ടത്തിലെത്തുന്ന ആദ്യ ടീമാകാനുള്ള അവസരമാണ് റയലിനെ കാത്തിരിക്കുന്നത്.
ഷാക്‌തർ ഡൊണടെസ്‌ക്: റയലിനൊപ്പം തുടർച്ചയായി മൂന്നാം തവണയാണ് ഷാക്‌തർ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടാനൊരുങ്ങുന്നത്. അവസാന സീസണിലെ രണ്ട് മത്സരത്തിലും റയലിന് മുന്നിൽ കീഴടങ്ങിയിരുന്നു. എന്നാൽ 2019-20 സീസണിൽ റയലിനെതിരെ ഒരു മത്സരത്തിൽ ജയം നേടാനായിരുന്നു. അവസാന സീസണിൽ റയൽ മാഡ്രിഡ്, ഇന്‍റർ മിലാൻ, മോൾഡോവൻ ക്ലബായ ഷെരിഫ് ടിരാസ്‌പോൾ എന്നിവരടങ്ങിയ ഗ്രൂപ്പിൽ നാലാമതായാണ് ഫിനിഷ് ചെയ്‌തത്.