മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിൽ ബാഴ്‌സലോണയ്ക്ക് രണ്ടാം പരാജയം. എവേ മത്സരത്തിൽ ഇന്‍റർ മിലാനോട് ഏക ഗോളിനായിരുന്നു ബാഴ്‌സയുടെ തോല്‍വി. ഹകൻ ചാഹനഗ്ലുവാണ് ഇന്‍ററിനായി ലക്ഷ്യംകണ്ടത്.
സീരി എയിൽ മോശം ഫോമിൽ ഉണ്ടായിരുന്ന ഇന്‍റർ മിലാൻ അവരുടെ ആത്മവിശ്വാസം തിരികെ നൽകുന്ന വിജയമായി ഇത്. മത്സരത്തിന്‍റെ 45-ാം മിനുറ്റിൽ ഹകൻ ചാഹനഗ്ലുവാണ് ബാഴ്‌സയുടെ ചങ്ക് തകർത്ത ഗോൾ നേടിയത്.
പിന്നെ സമനില ഗോൾ കണ്ടെത്താനുള്ള ബാഴ്‌സയുടെ പോരാട്ടമായിരുന്നു. തൽഫലമായി 67ാം മിനുറ്റിൽ പെഡ്രിയിലൂടെ ബാഴ്‌സ ഗോൾ നേടി. എന്നാൽ വാർ പരിശോധനയിൽ ഹാൻഡ് ബോൾ കണ്ടെത്തിയതോടെ ഗോൾ നിഷേധിക്കുകയായിരുന്നു. പിന്നീട് ഗോൾ മടക്കാൻ ആവത് പണിപെട്ടെങ്കിലും ലെവൻഡോസ്‌കിക്കും സംഘത്തിനും കഴിഞ്ഞില്ല. ഒരു ഗോളിന്‍റെ വിജയത്തോടെ ഇന്‍റർ മിലാൻ കളി അവസാനിപ്പിച്ചു.
നേരത്തെ ബാഴ്‌സലോണ ബയേണോടും പരാജയപ്പെട്ടിരുന്നു. ഇപ്പോൾ മൂന്ന് പോയിന്‍റുമായി മൂന്നാം സ്ഥാാനത്താണ് ബാഴ്‌സലോണ. ഇന്‍റർ മിലാൻ രണ്ടാമതും ബയേൺ ഒന്നാമതും നിൽക്കുന്നു.
ഗോളടിച്ച് മടുക്കാതെ ബയേൺ: ബയേൺ മ്യൂണിക്ക് തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ബയേൺ എതിരില്ലാത്ത അഞ്ച് ഗോളിന് വിക്ടോറിയെ പ്ലാസനെ തോൽപിച്ചു. ലിറോയ് സാനെയുടെ ഇരട്ടഗോൾ കരുത്തിലാണ് ബയേണിന്‍റെ തകർപ്പൻ ജയം. 7, 50 മിനിറ്റുകളിലായിരുന്നു സാനേയുടെ ഗോളുകൾ. സെർജി ഗ്നാബ്രി, സാദിയോ മാനേ, എറിക് മാക്സിം ചൗപ്പോ മോട്ടിംഗ് എന്നിവരാണ് ബയേണിന്‍റെ മറ്റ് ഗോളുകൾ നേടിയത്. ഗ്നാബ്രി പതിമൂന്നാം മിനിറ്റിലും മാനേ ഇരുപത്തിയൊന്നാം മിനിറ്റിലും മോട്ടിംഗ് അൻപത്തിയൊൻപതാം മിനിറ്റിലും ലക്ഷ്യംകണ്ടു.
ജയമൊരുക്കി അർനോൾഡും സലായും: കരുത്തരായ ലിവർപൂൾ, റേഞ്ചേഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ട്രെന്‍റ് അലക്‌സാണ്ടർ അർനോൾഡ്, മുഹമ്മദ് സലാ എന്നിവരുടെ ഗോളുകളാണ് യുർഗൻ ക്ലോപ്പിന്‍റെ ടീമിന് ജയമൊരുക്കിയത്.
ഏഴാം മിനുറ്റിൽ മനോഹരമായ ഫ്രീകിക്കിൽ നിന്നും അർനോൾഡ് മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെയാണ് സലാഹിന്‍റെ ഗോൾ. ഈ ജയത്തോടെ ആറു പോയിന്‍റുമായി നാപോളിക്ക് പിന്നിൽ രണ്ടാമതാണ് ലിവർപൂൾ. റേഞ്ചേഴ്സിന്‍റെ തുടർച്ചയായ മൂന്നാം പരാജയമാണിത്.
കുതിപ്പ് തുടർന്ന് നാപോളി: ഇറ്റാലിയൻ ലീഗിലെ മികച്ച ഫോം ചാമ്പ്യൻസ് ലീഗിലും തുടർന്ന് നാപോളി. ആംസ്റ്റർഡാമിൽ നടന്ന മത്സരത്തിൽ അയാക്‌സിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് നാപോളി പരാജയപ്പെടുത്തിയത്. ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി 13 ഗോളുകൾ ആണ് ഇതുവരെ അടിച്ചുകൂട്ടിയത്.
ഒമ്പതാം മിനുറ്റിൽ മൊഹമ്മദ് കുദുസിന്‍റെ ഗോളിൽ അയാക്‌സാണ് ആദ്യം മുന്നിലെത്തിയത്. 18-ാം മിനുറ്റിൽ റാസ്‌പദോറിയുടെ ഗോളിൽ സമനില നേടിയ നാപോളി 33-ാം മിനുറ്റിൽ ഡി ലോറൻസിയുടെ ഗോളിൽ ലീഡെടുത്തു. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പായി സിലെൻസികിയിലൂടെ മൂന്നാം ഗോൾ നേടി.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചുകളിച്ച നാപോളിക്കായി റാസ്‌പദോറി തന്‍റെ രണ്ടാം ഗോൾ കണ്ടെത്തി. പിന്നാലെ 63-ാം മിനുറ്റിൽ റാസ്‌പദോറി ഒരുക്കിയ അവസരം ക്വരാറ്റെസ്കെലിയ വലയിലെത്തിച്ചു. 81-ാം മിനുറ്റിൽ നാപോളിയുടെ ആറാം ഗോൾ നേടിയ ജിയോവണി സിമിയോണിയും ഗോൾ പട്ടികയിൽ ഇടം പിടിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്നായി ഒമ്പത് പോയിന്‍റോടെ നാപോളിയാണ് ഗ്രൂപ്പിൽ ഒന്നാമത്.
ക്ലബ് ബ്രഗ്ഗെ അത്ലറ്റിക്കോ മാഡ്രിഡിനെ 2 - 0ത്തിന് പരാജയപ്പെടുത്തി. ഫ്രാങ്ക്ഫർട്ട് ടോട്ടനത്തെ ഗോൾരഹിത സമനിലയിൽ തളച്ചു.