മിലാന്‍:യുവേഫ ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദ സീസൺ പ്രഖ്യാപിച്ചു. റയൽ മാഡ്രിഡിന്‍റെ ഫ്രഞ്ച് താരം കരിം ബെൻസെമയാണ് സീസണിലെ താരം. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്‌മർ എന്നിവർ ടീമിലിടം പിടിച്ചിട്ടില്ല. ഫൈനലിലെത്തിയ രണ്ട് ടീമുകളിൽ നിന്നാണ് ഭൂരിഭാഗം താരങ്ങളും.
പതിനാലാം കിരീടം നേടിയ റയൽ മാഡ്രിഡിന്‍റെയും കലാശപ്പോരിൽ വീണ ലിവർപൂളിലെയും നാല് താരങ്ങൾ വീതമാണ് ഇടം പിടിച്ചത്. പിഎസ്‌ജി, മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകളിൽ നിന്നാണ് ബാക്കിയുള്ള മൂന്ന് താരങ്ങൾ. റയലിന്‍റെ കരിം ബെൻസെമയാണ് മുന്നേറ്റം നയിക്കുന്നത്.
ഫൈനലിലെ വിജയശിൽപ്പിയായ വിനീഷ്യസ് ജൂനിയറും, പിഎസ്‌ജിയുടെ കിലിയൻ എംബാപ്പെയും ബെൻസെമയ്‌ക്ക് കൂട്ടായി മുന്നേറ്റത്തിലുണ്ട്. മധ്യനിര മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രുയിൻ നിയന്ത്രിക്കും. റയലിന്‍റെ ലൂക്കാ മോഡ്രിച്ച്, ലിവർപൂളിന്‍റെ ഫാബിഞ്ഞോ എന്നിവരും ടീമിലുണ്ട്.
ALSO READ:നിഴലായിരുന്നു അന്ന്... ഇന്ന് 'ദ റിയല്‍ സൂപ്പർ താരം'.. ക്രിസ്റ്റ്യാനോയില്‍ നിന്ന് ബെൻസെമയിലേക്കുള്ള കിരീട ദൂരം
പ്രതിരോധം ഭരിക്കുന്നത് യുർഗൻ ക്ലോപ്പിന്‍റെ പടയാളികളാണ്. ലിവർപൂൾ താരങ്ങളായ ട്രന്‍റ് അലക്‌സാണ്ടർ അർണോൾഡ്, വിർജിൽ വാൻഡെയ്‌ക്, ആൻഡി റോബർട്ട്‍സൻ എന്നിവർക്കൊപ്പം ചെൽസിയുടെ അന്‍റോണിയോ റൂഡിഗറും ടീമിലിടം പിടിച്ചു. ഫൈനലിൽ നിറഞ്ഞുകളിച്ച് റയൽ മാഡ്രിഡിന് കിരീടം സമ്മാനിച്ച കോര്‍ട്വയാണ് ടീമിന്‍റെ ഗോൾകീപ്പർ.