ജനുവരിയിലെ ട്രാൻസ്‌ഫർ സമയം അവസാനിച്ചതോടെ ഇംഗ്ലണ്ടില്‍ ഫുട്‌ബോൾ താരങ്ങളുടെ കൂടുമാറ്റം പൂർത്തിയായി. വമ്പൻക്ലബുകൾ സൂപ്പർതാരങ്ങളെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും അത് വിജയത്തിലെത്തിയില്ല. പക്ഷേ ഈ ട്രാൻസ്‌ഫർ വിപണിയിലെ ഏറ്റവും ശ്രദ്ധേയമായ താര കൈമാറ്റം ഡെൻമാർക്ക് താരം ക്രിസ്ത്യൻ എറിക്‌സണിന്‍റേതാണ്.
2020 യൂറോ കപ്പില്‍ ഡെൻമാർക്കിനായി കളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കളിക്കളത്തില്‍ നിന്ന് വിട്ടു നിന്ന താരം വീണ്ടും ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തുകയാണ്. നിലവില്‍ ഇന്‍റർമിലാൻ താരമായ എറിക്‌സണ് ഇറ്റാലിയൻ ഫുട്‌ബോൾ നിയമ പ്രകാരം കളിക്കാൻ കളിയില്ല. ഹൃദയാഘാതത്തിന് ശേഷം ശരീരത്തില്‍ ഉപകരണം ഘടിപ്പിച്ചത് കാരണമാണ് സീരി എ നിയമ പ്രകാരം എറിക്‌സണ് കളത്തില്‍ ഇറങ്ങാൻ കഴിയാത്തത്. ഇതോടെ ഇന്‍റർമിലാൻ വിട്ട എറിക്‌സൺ ഇംഗ്ലീഷ് ക്ലബായ ബ്രന്‍റ് ഫോര്‍ഡിലെത്തി.
വാൻ ഡി ബീക്ക് എവർട്ടണിലേക്ക്
മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരമായ ഡോണി വാൻ ഡി ബീക്ക് എവർട്ടണിലേക്ക് ചേക്കേറാനുള്ള ധാരണയായി. ഈ സീസൺ കഴിയുന്നതു വരെയുള്ള ലോൺ കരാറിൽ താരത്തിന്‍റെ മുഴുവൻ ശമ്പളവും എവർട്ടൺ നൽകും. ലംപാർഡിനെ പരിശീലകനായും പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് എവർട്ടൺ.
ലൂയിസ് ഡയസിനെ സ്വന്തമാക്കി ലിവർപൂൾ
പോർട്ടോ വിങ്ങറായ ലൂയിസ് ഡയസിനെ സ്വന്തമാക്കിയത് ലിവർപൂൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇപ്പോഴത്തെ ട്രാൻസ്‌ഫർ തുകയും ആഡ് ഓണുകളുമടക്കം 50 മില്യണിന്‍റെ കരാറിലാണ് കഴിഞ്ഞ കോപ്പ അമേരിക്കയിൽ ടോപ് സ്കോററായിരുന്ന താരത്തെ ലിവർപൂൾ സ്വന്തമാക്കിയത്. ടോട്ടനത്തെ മറികടന്നാണ് ഡയസ് ലിവർപൂളിലെത്തിയത്.