ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിൽ അമ്പെയ്ത്ത് മത്സരങ്ങളോടെ ഇന്ത്യൻ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചു. വനിതകളുടെ അമ്പെയ്‌ത്തില്‍ റാങ്കിങ് റൗണ്ടില്‍ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ദീപിക കുമാരി 663 പോയിന്‍റ് നേടി ഒന്‍പതാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തു.
ആദ്യ റൗണ്ടുകളിൽ 14-ാം സ്ഥാനത്തേക്ക് വീണുപോയെങ്കിലും രണ്ടാം പകുതിയിൽ ദീപിക ശക്തമായി തിരിച്ചെത്തുകയായിരുന്നു. ആദ്യ റൗണ്ടിലെ എതിരാളികളെ തീരുമാനിക്കുന്ന മത്സരമാണ് റാങ്കിങ് റൗണ്ട്. ആദ്യ റൗണ്ടില്‍ ഭൂട്ടാന്‍ താരം കര്‍മയെയാണ് ദീപിക കുമാരി നേരിടേണ്ടത്.
അതേസമയം പുരുഷൻമാരുടെ അമ്പെയ്ത്തിൽ ഇന്ത്യൻ താരങ്ങൾ നിരാശപ്പെടുത്തി. അതാനു ദാസുള്‍പ്പെട്ട സംഘം റാങ്കിങ് വിഭാാഗത്തില്‍ ആദ്യ 25 പോലുമെത്താതെ നിരാശപ്പെടുത്തി. അതാനു 35ാമതും പ്രവീണ്‍ ജാദവ് 31ാമതും തരുണ്‍ദീപ് റായ് 37ാമതുമാണ് ഫിനിഷ് ചെയ്തത്. പ്രവീണ്‍ ജാദവ്, അതാനു ദാസ്, തരുണ്‍ദീപ് റായ് എന്നിവര്‍ യഥാക്രമം 656, 653, 652 പോയിന്‍റുകളാണ് നേടിയത്.
ALSO READ:ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിൽ 28 പേർ; മേരി കോമും, മൻപ്രീത് സിങ്ങും പതാകയേന്തും
ഇന്നു വൈകീട്ട് 4.30നാണ് ഒളിംപിക്‌സില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നത്. ഇന്ത്യക്കായി 22 അത്‌ലറ്റുകളും 6 ഒഫിഷ്യൽസുകളും അടങ്ങുന്ന 28 അംഗ ടീമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക. ആറ് തവണ ഇന്ത്യക്കായി ലോക കിരീടം നേടിയ മേരി കോമും, ഇന്ത്യ പുരുഷ ഹോക്കി ടീം നായകൻ മൻപ്രീത് സിങും ഇന്ത്യക്കായി പതാകയേന്തും.