ടോക്കിയോ: അമ്പെയ്‌ത്തില്‍ ഇന്ത്യൻ താരം ദീപിക കുമാരി ക്വാർട്ടറില്‍ കടന്നു. പ്രീക്വാർട്ടറില്‍ റഷ്യൻ ഒളിമ്പിക്‌സ് കമ്മിറ്റി താരം പെറോവ കെസീനയെയാണ് ദീപിക തോല്‍പ്പിച്ചത്. ലോക ഒന്നാം നമ്പർ താരമായ ദീപിക കുമാരി 6-5നാണ് പെറോവ കെസീനയെ പ്രീക്വാർട്ടറില്‍ കീഴടക്കിയത്.
അമ്പെയ്‌ത്തില്‍ മെഡല്‍ പ്രതീക്ഷയുമായി ദീപിക കുമാരി ക്വാർട്ടറില്‍ - ഇന്ത്യ ഒളിമ്പിക്‌സ്
റഷ്യൻ ഒളിമ്പിക്‌സ് കമ്മിറ്റിയുടെ പെറോവ കെസീനയെ കീഴടക്കിയാണ് ദീപിക കുമാരി അവസാന എട്ടില്‍ പ്രവേശിച്ചത്. ദീപികയുടെ ജയം ഷൂട്ട് ഓഫില്‍.
നിശ്ചിത അഞ്ച് സെറ്റുകളില്‍ ഇരുതാരങ്ങളും സമനില നേടിയതോടെയാണ് മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടത്. ഷൂട്ട് ഓഫില്‍ റഷ്യൻ താരം ഏഴ് പോയിന്‍റ് മാത്രം നേടിയപ്പോൾ പെർഫെക്‌ട് ടെന്നിലൂടെയാണ് ദീപിക മത്സരവും ക്വാർട്ടറും ഉറപ്പിച്ചത്. സ്കോർ: 28-25, 26-27, 28-27, 26-26, 25-28, 10-7. ക്വാർട്ടർ ഫൈനല്‍ പോരാട്ടം ഇന്ന്(30 ജൂലൈ) തന്നെ നടക്കും.
ദീപികയുടെ ഭർത്താവ് അതാനു ദാസും വ്യക്തിഗത ഇനത്തില്‍ പ്രീക്വാർട്ടറില്‍ കടന്നു. ഒളിമ്പിക്‌സില്‍ ഒരേ ഇനത്തില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ദമ്പതികളാണ് അതാനുവും ദീപികയും.