വിയന്ന: മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ അടുത്ത മാസം ചൈനയിലെ ബീജിംഗിൽ നടക്കുന്ന വിന്‍റർ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കുന്നതിനായി സേവ് ടിബറ്റ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിൽ ഓസ്ട്രിയയിൽ റാലി സംഘടിപ്പിച്ചു. ഓസ്ട്രിയയിലെ ടിബറ്റൻ സമൂഹവും ഓസ്ട്രിയയിലെ ഉയ്‌ഗൂർ അസോസിയേഷനും പിന്തുണ അറിയിച്ച റാലിയിൽ 40 ഓളം ടിബറ്റൻ, ഉയ്‌ഗൂർ സംഘങ്ങൾ പങ്കെടുത്തു.
ടിബറ്റിലെ സാംസ്‌കാരിക വംശഹത്യ അവസാനിപ്പിക്കുക, ടിബറ്റ് ടിബറ്റുകാർക്കുള്ളതാണ്, ഒളിമ്പിക്‌സ് സത്യപ്രതിജ്ഞ പാടില്ല തുടങ്ങിയ പ്ലക്കാർഡുകൾ ഉയത്തിക്കാട്ടിയാണ് പ്രതിഷേധറാലി അരങ്ങേറിയത്. റാലിയിൽ, വർഷങ്ങളോളം ചൈനയിൽ തടവിലായിരുന്ന ടിബറ്റൻ ചലച്ചിത്ര നിർമ്മാതാവ് ധോണ്ടുപ് വാങ്‌ചെൻ ബീജിംഗ് ഒളിമ്പിക്‌സിന്‍റെ നയതന്ത്ര ബഹിഷ്‌കരണത്തിൽ പങ്കെടുക്കാത്തതിനാൽ വിയന്നയെ വിമർശിച്ചു.
2008ൽ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി (ഐഒസി) ചൈനയ്ക്ക് ഒളിമ്പിക്‌സ് നിയമവിരുദ്ധമായി നൽകിയെന്നും ധോണ്ടുപ് ആരോപിച്ചു. ഐഒസി വീണ്ടും ചൈനയ്ക്ക് വിന്‍റർ ഒളിമ്പിക്‌സ് നിയമവിരുദ്ധമായി നൽകി. ചൈനയ്ക്ക് ടിബറ്റിൽ മനുഷ്യാവകാശങ്ങളോ, ഭാഷാ അവകാശങ്ങളോ, മതമോ അടിസ്ഥാന മനുഷ്യാവകാശങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.