ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയുടെ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതില്‍ പരസ്യ പ്രതികണവുമായി തോമസ് ട്യൂഷല്‍. ക്ലബിന്‍റെ തീരുമാനത്തില്‍ ആകെ തകര്‍ന്നുപോയെന്ന് ട്യൂഷല്‍ പ്രസ്താവനയില്‍ പറഞ്ഞു. ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യന്‍ ക്ലബ് ഡൈനമോ സാഗ്രബിനെതിരായ തോല്‍വിക്ക് പിന്നാലെയാണ് 40കാരനായ ട്യൂഷലിന്‍റെ സ്ഥാനം തെറിച്ചത്.
"എനിക്ക് എഴുതേണ്ടി വന്നതില്‍ വച്ച് ഏറ്റവും പ്രയാസമേറിയ പ്രസ്താവനകളില്‍ ഒന്നാണിത്. വര്‍ഷങ്ങളോളം ചെയ്യേണ്ടിവരില്ലെന്ന് പ്രതീക്ഷിച്ചിരുന്നത്. ചെല്‍സിയില്‍ എന്‍റെ സമയം അവസാനിച്ചതില്‍ ഞാന്‍ തകര്‍ന്നിരിക്കുന്നു.
തൊഴില്‍പരമായും വ്യക്തിപരമായും സ്വന്തം വീടുപോലെ തോന്നിയ ക്ലബ്ബായിരുന്നുവിത്. തുടക്കം മുതൽ തന്നെ എന്നെ സ്വാഗതം ചെയ്തതിന് എല്ലാ സ്റ്റാഫിനും കളിക്കാർക്കും പിന്തുണയ്ക്കുന്നവർക്കും നന്ദി. ചാമ്പ്യൻസ് ലീഗും ക്ലബ് ലോകകപ്പും നേടാൻ ടീമിനെ സഹായിച്ചതിൽ എനിക്ക് തോന്നിയ അഭിമാനവും സന്തോഷവും എന്നെന്നേക്കുമായി എന്നോടൊപ്പം നിലനിൽക്കും.
ഈ ക്ലബ്ബിന്‍റെ ചരിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. കഴിഞ്ഞ 19 മാസത്തെ ഓര്‍മ്മകള്‍ക്ക് എപ്പോഴും എന്‍റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും." ട്യൂഷല്‍ പ്രസ്താവനയില്‍ പറഞ്ഞു.
2021 ജനുവരിയിലാണ് ടൂഷ്യല്‍ ചെല്‍സിയുടെ പരിശീലകനായെത്തുന്നത്. ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്‍സ് ലീഗ് കിരീടം ചെല്‍സിക്ക് നേടിക്കൊടുക്കാന്‍ ട്യൂഷലിന് കഴിഞ്ഞു. യുവേഫ സൂപ്പര്‍ കപ്പ്, ക്ലബ് ലോക കപ്പ് എന്നിവയും ടൂഷ്യലിന് കീഴില്‍ ചെല്‍സി സ്വന്തമാക്കിയിട്ടുണ്ട്. ടൂഷ്യലിന് പകരം ബ്രൈറ്റണ്‍ പരിശീലകനായ ഗ്രഹാം പോട്ടറെയാണ് ചെല്‍സി പുതിയ പരിശീലകനായി നിയമിച്ചിരിക്കുന്നത്.