യൂറോപ്പിലെ മികച്ച പരിശീലകരിൽ ഒരാളാണ് ഉനായ് എമെറി. പരിമിതമായ താരങ്ങളെക്കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന സ്‌പാനിഷ് പരിശീലകന്‍. നിലവിൽ പ്രീമിയർ ലീഗിലും അത്ഭുതങ്ങൾ തീർക്കുകയാണ് എമെറി.
മുൻ ആഴ്‌സണൽ പരിശീലകനായിരുന്ന എമെറി ആസ്റ്റൺ വില്ലയുടെ പരിശീലകനായിട്ട് പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയത് ആഘോഷമാക്കുകയാണ്. 2022 ഒക്‌ടോബറിൽ സ്റ്റീവൻ ജെറാർഡിനെ പുറത്താക്കിയതിന് പിന്നാലെ റിലീസ് ക്ലോസ് തുകയായ ആറ് മില്യൺ നൽകിയാണ് വിയ്യാറയലിൽ നിന്നും എമറിയെ ആസ്റ്റൺ വില്ലയുടെ പരിശീലകനായി എത്തിക്കുന്നത്.
ഉനായ് എമെറിയെ ചുമതല ഏൽപ്പിക്കുമ്പോൾ റിലഗേഷൻ സോണിന് തൊട്ടരികിൽ പതിനാറമതായിരുന്നു വില്ലയുടെ സ്ഥാനം. നിലവിൽ പ്രീമിയർ ലീഗിൽ 31 റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ആറാം സ്ഥാനത്താണ് ആസ്റ്റൺ വില്ല. അവസാന ലീഗ് മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ 3-0 ന് കീഴടക്കിയാണ് ആസ്റ്റൺ വില്ല പോയിന്‍റ് ടേബിളിൽ ആറാമതെത്തിയത്.
ലീഗിലെ പ്രതാപികളായ ലിവർപൂളിനെയും ചെൽസിയെയും മറികടന്നാണ് ഉനായ് എമെറിയുടെ സംഘം കുതിക്കുന്നത്. അവസാന എട്ട് ലീഗ് മത്സരങ്ങളിൽ ഏഴ് വിജയവും ഒരു സമനിലയുമായാണ് കുതിപ്പ് തുടരുന്നത്. ഇതിൽ അഞ്ച് മത്സരങ്ങളിൽ ക്ലീൻഷീറ്റുകളും നേടാനായിട്ടുണ്ട്. ഇത്രയും മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയത്. ഫെബ്രുവരി മാസത്തിൽ ആഴ്‌സണലിനെതിരായ ഹോം മത്സരത്തിൽ 4-2 ന് പരാജയപ്പെട്ടതിന് ശേഷം അവർ ലീഗിൽ പരാജയമറിഞ്ഞിട്ടില്ല.
സ്‌പാനിഷ് ക്ലബ് വിയ്യാറയലിന്‍റെ ചരിത്രത്തിലിതുവരെ ഒരു മേജർ കിരീടം നേടാനായിരുന്നില്ല. 2021ൽ യുറോപ്പ ലീഗ് കിരീടം നേടിക്കൊടുത്താണ് എമെറി ക്ലബിന്‍റെ ചരിത്രപുരുഷനാകുന്നത്. ഫൈനലിൽ ശക്‌തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഷൂട്ടൗട്ടിലാണ് വിയ്യാറയൽ കീഴടക്കിയത്. ഇതേ മികവാണ് ഉനായ് എമെറി ആസ്റ്റൺ വില്ലയിലും തുടരുന്നത്.
രാജ്യാന്തര മത്സരങ്ങളിൽ അർജന്‍റീനൻ ഗോൾവലയ്‌ക്ക് മുന്നിൽ മികച്ച രീതിയില്‍ നടത്തുന്ന പ്രകടനം പ്രീമിയർ ലീഗിൽ തുടരാൻ ഗോൾകീപ്പർ എമിലിയോ മാർട്ടിനെസ് ബുദ്ധിമുട്ടിയിരുന്നു. എന്നാൽ മാർട്ടിനെസും എമെറിക്ക് കീഴിൽ മിന്നും പ്രകടനമാണ് നടത്തുന്നത്. 11 ക്ലീൻഷീറ്റുകളാണ് ഈ സീസണിൽ സ്വന്തമാക്കിയിട്ടുള്ളത്. ഇതിൽ അവസാന എട്ട് മത്സരങ്ങളിൽ നിന്ന് ആറ് ക്ലീൻഷീറ്റ് നേടിയ താരം രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയിത്. 29 സേവുകളും നടത്തി.
ഗോൾ വഴങ്ങുന്നതിൽ പിശുക്ക് കാണിക്കുന്ന മാർട്ടിനെസിന് കരുത്തായി പ്രതിരോധത്തിൽ മിങ്‌സും കോൻസയും നിലയുറപ്പിക്കും. മുന്നേറ്റത്തിൽ ഒലി വാട്‌കിൻസ് നയിക്കുന്ന മുന്നേറ്റ നിരയും മികച്ച ഫോമിലാണ് കളിക്കുന്നത്. മുന്നേറ്റത്തിന് കൃത്യമായി പന്തെത്തിക്കുന്നതിൽ മിടുക്കരാണ് ജാകോബ് റാംസെയും മക്‌ഗീനും അടങ്ങുന്ന മിഡ്‌ഫീൽഡർമാർ. എമെറിക്ക് കീഴിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യമിടുന്ന ആസ്റ്റൺ വില്ലയെ വമ്പൻ മത്സരങ്ങളാണ് കാത്തിരിക്കുന്നത്. അവസാന ഏഴ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം അടക്കമുള്ള ടീമുകളോടാണ് മത്സരങ്ങളുള്ളത്.
ALSO READ :ഫുട്‌ബോളിന്‍റെ ലോകഭൂപടത്തിൽ ഇടംപിടിക്കാൻ സൗദി പ്രോ ലീഗ്; പണം വാരിയെറിഞ്ഞ് സൂപ്പർ താരങ്ങളെയെത്തിക്കും
ഏത് വമ്പൻ ടീമുകളുടെ വെല്ലുവിളികളും തന്ത്രപരമായ നീക്കങ്ങളിലൂടെ മറികടക്കാമെന്ന് തെളിയിച്ച പരിശീലകനിൽ ആസ്റ്റൺ വില്ലയ്‌ക്ക് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാവുന്നതാണ്. വിയ്യാറയലിനെ ആദ്യമായി യുറോപ്പ ലീഗ് കിരീട ജേതാക്കളാക്കിയ ഉനായ് എമെറി മറ്റൊരു സ്‌പാനിഷ് ക്ലബായ സെവിയ്യയെ തുടർച്ചയായി മൂന്ന് തവണ യുറോപ്പ ലീഗ് കിരീടത്തിൽ എത്തിച്ചിട്ടുണ്ട്. ആസ്റ്റൺ വില്ലയുടെ മിന്നും കുതിപ്പ് പ്രീമിയർ ലീഗ് വമ്പൻമാർക്കെല്ലാം വെല്ലുവിളി ഉയർത്തുകയാണ്.