ന്യൂഡല്‍ഹി:ദേശീയ കായിക ഫെഡറേഷനുകളുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് യാതൊരു വിഘാതവും ഉണ്ടാകില്ലെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു. ദേശീയ കായിക ഫെഡറേഷനുകളുടെ പ്രവർത്തനങ്ങളില്‍ കായിക മന്ത്രാലം ഇടപെടുന്നതായുള്ള ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരീന്ദർ ബത്രയുടെ പരാമർശത്തിന്‍റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍എസ്എഫുകളുടെ പ്രവർത്തനങ്ങൾക്ക് വിഘാതമുണ്ടാകില്ല: കിരണ്‍ റിജിജു - ഐഒഎ വാർത്ത
2028 ഒളിമ്പിക്സില്‍ ആദ്യ 10-ല്‍ സ്ഥാനം പിടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു
ചില മാധ്യമങ്ങളിലൂടെ പുറത്തുവന്ന ബത്രയുടെ പരാമർശം ശ്രദ്ധയില്‍ പെട്ടുവെന്നും എന്ത് വില കൊടുത്തും എന്‍എസ്എഫിന്‍റെ സ്വതന്ത്രമായ പ്രവർത്തനം ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ കായിക രംഗത്തെ സമൂലമായ വികസനം ലക്ഷ്യമിട്ടാണ് കായിക മന്ത്രാലയവും സായിയും ഐഒഎയും ദേശീയ കായിക ഫെഡറേഷനുകളും പ്രവർത്തിക്കുന്നത്. പുതിയ കായിക പ്രതിഭകളെ കണ്ടെത്താനും വളർത്തികൊണ്ടുവരാനും അടിത്തട്ടില്‍ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ സാധിക്കണം. 2028 ഒളിമ്പിക്സില്‍ ആദ്യ 10-ല്‍ സ്ഥാനം പിടിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഒരുമിച്ച് പ്രവർത്തിച്ചാല്‍ ഇന്ത്യ കായിക രംഗത്ത് സൂപ്പർ പവറായി മാറുമെന്നും കിരണ്‍ റിജിജു വ്യക്തമാക്കി.