ദോഹ : ഖത്തര്‍ ലോകകപ്പില്‍ അർജന്‍റീനയും ഫ്രാൻസും തമ്മിലുള്ള കലാശപ്പോരിലെ തന്‍റെ പ്രകടനം കുറ്റമറ്റതായിരുന്നില്ലെന്ന് തുറന്ന് സമ്മതിച്ച് മത്സരം നിയന്ത്രിച്ച റഫറി സിമോൺ മാർസിനിയാക്. മത്സരത്തിനിടെ തനിക്ക് ഒരു പിഴവ് സംഭവിച്ചതായും മാർസിനിയാക് തുറന്നുപറഞ്ഞു. അര്‍ജന്‍റൈന്‍ താരം മാർക്കോസ് അക്യുനയുടെ മോശം ടാക്ലിങ്ങിന് ഫൗള്‍ വിളിച്ചതിലൂടെ താന്‍ ഫ്രഞ്ച് പ്രത്യാക്രമണം തടസപ്പെടുത്തിയെന്നാണ് പോളിഷ് റഫറി പറയുന്നത്.
"ടാക്ലിങ്ങിന് വിധേയനായ താരത്തിന് പരിശോധന വേണം എന്ന് തോന്നിയതിനാലാണ് ഫൗള്‍ വിളിച്ചത്. അവിടെ ഒന്നും സംഭവിക്കാത്തതിനാല്‍ എന്‍റെ തോന്നല്‍ തെറ്റായിരുന്നു. ഫ്രാന്‍സിന് മുന്‍തൂക്കം ലഭിക്കുമായിരുന്ന അവസരമായിരുന്നുവത്.
ഇതുപോലുള്ള മത്സരങ്ങളില്‍ ഇത്തരം പിഴവുകള്‍ വരുന്നത് കാര്യമാക്കാറില്ല. വലിയ പിഴവുകള്‍ ഉണ്ടായില്ല എന്നതാണ് പ്രധാനം"- 41കാരനായ മാർസിനിയാക് പറഞ്ഞു.
മത്സരത്തില്‍ അര്‍ജന്‍റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി നേടിയ രണ്ടാം ഗോളുമായി ബന്ധപ്പെട്ട വിവാദങ്ങളെ മാർസിനിയാക് നേരത്തെ തള്ളിയിരുന്നു. മെസി ഈ ഗോൾ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ അർജന്‍റീനയുടെ രണ്ട് സബ്സ്റ്റിറ്റ്യൂട്ട് താരങ്ങൾ മൈതാനത്തേക്ക് പ്രവേശിച്ചുവെന്നും അതിനാല്‍ ഗോള്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
Also read:നെയ്‌മറിനോട് പകതീര്‍ക്കാന്‍ എംബാപ്പെ; പിഎസ്‌ജി വിടാതിരിക്കാന്‍ 3 നിബന്ധനകളുമായി താരം
ഫ്രഞ്ച് മാധ്യമങ്ങള്‍ ഇക്കാര്യം ഏറ്റുപിടിച്ചതോടെ വിവാദം ആളിപ്പടരുകയും ചെയ്‌തു. ഇതിന് പിന്നാലെ ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് ലക്ഷത്തിലേറെ പേര്‍ ഒപ്പിട്ട നിവേദനം ഫ്രഞ്ച് ആരാധകര്‍ ഫിഫയ്‌ക്ക് നല്‍കിയിരുന്നു. എന്നാല്‍ എംബാപ്പെ ഒരു ഗോൾ നേടുമ്പോൾ ഏഴ് ഫ്രഞ്ച് താരങ്ങൾ അധികമായി മൈതാനത്തുള്ള ഒരു ചിത്രം ഉയര്‍ത്തിക്കാട്ടിയാണ് മാർസിനിയാക് മറുപടി നല്‍കിയത്.