ഹാങ്‌ചോ:ഏഷ്യന്‍ ഗെയിംസില്‍ (Asian Games 2023) വനിതകളുടെ ഹെപ്റ്റാത്തലണിൽ വെങ്കല മെഡല്‍ നേടിയ ഇന്ത്യയുടെ നന്ദിനി അഗസാരയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മറ്റൊരു ഇന്ത്യന്‍ താരമായ സ്വപ്‌ന ബർമൻ (Swapna Barman Against Nandini Agasara). 2018-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഹെപ്റ്റാത്തലണിൽ സ്വര്‍ണമെഡല്‍ ജേതാവായ സ്വപ്‌ന ബർമന് ഹാങ്‌ചോയില്‍ നന്ദിനി അഗസാരയ്‌ക്ക് (Nandini Agasara) പിന്നില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. ഇതിന് പിന്നാലെ നന്ദിനി അഗസാര ട്രാന്‍സ്‌ജെന്‍ഡറാണെന്ന ആരോപണവുമായാണ് 26-കാരിയായ സ്വപ്‌ന ബർമൻ രംഗത്ത് എത്തിയത്.
തനിക്ക് തന്‍റെ മെഡല്‍ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ സ്വപ്‌ന ബർമൻ (Swapna Barman) പോസ്റ്റിടുകയായിരുന്നു. "ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ ഒരു ട്രാൻസ്‌ജെൻഡർ വനിതയോട് എനിക്ക് എന്‍റെ വെങ്കല മെഡൽ നഷ്‌ടമായി. ഇതു അത്‌ലറ്റിക്‌സിന്‍റെ നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ എനിക്ക് എന്‍റെ മെഡൽ തിരികെ വേണം. ദയവായി എന്നെ സഹായിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യൂ"- സ്വപ്‌ന ബർമൻ എക്‌സിലെഴുതി.
സംഭവം വിവാദമായതിന് പിന്നാലെ പശ്ചിമ ബംഗാളുകാരിയായ താരം പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. ഹാങ്‌ചോയില്‍ 5708 പോയിന്‍റ് നേടിയാണ് നന്ദിനി അഗസാര വെങ്കല മെഡല്‍ ജേതാവായത്. 20-കാരിയുടെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ്. 5712 പോയിന്‍റെടുത്ത സ്വപ്‌ന ബർമന് നന്ദിനിയുമായി നാല് പോയിന്‍റിന്‍റെ അകലം മാത്രമാണ് ഉണ്ടായിരുന്നത്.