ന്യൂഡല്‍ഹി : ജയിലില്‍ പ്രത്യേക ഭക്ഷണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാഗര്‍ റാണ കൊലക്കേസ് പ്രതി സുശീൽ കുമാര്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി കോടതി തള്ളി. രോഹിണി കോടതിയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സത്‌വീർ സിങ് ലംബയാണ് ഹര്‍ജി തള്ളിയത്.
ഹര്‍ജി ആവശ്യമല്ല; ആഗ്രഹം
സുശീലിന്‍റെ ഹര്‍ജി ആവശ്യങ്ങളുടെ പട്ടികയില്‍ പെടുന്നതല്ല. ആഗ്രഹങ്ങളുടെ പട്ടികയില്‍ പെടുന്നതാണെന്ന് കോടതി പറഞ്ഞു. ഒരു വ്യക്തിക്ക് ആവശ്യമായ പോഷകങ്ങളും മറ്റും എത്ര വേണമെന്നത് കണക്കാക്കിയാണ് ജയില്‍ അന്തേവാസികളുടെ ഭക്ഷണക്രമം നിശ്ചയിച്ചിട്ടുള്ളത്.
2018ലെ ജയില്‍ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ 'ബാലന്‍സ്ഡ്' ആയ ഭക്ഷണക്രമമാണ് ജയിലിലുള്ളതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അതേസമയം സുശീല്‍ കുമാറിന് ആരോഗ്യ പ്രശ്‌നങ്ങളോ മറ്റ് അസുഖങ്ങളോയില്ലെന്ന് പറഞ്ഞ കോടതി, ജയിലിനകത്ത് എല്ലാവര്‍ക്കും ഒരേനിയമമാണെന്നും ഓര്‍മ്മപ്പെടുത്തി.