ബെംഗളൂരു : സാഫ് കപ്പ് ഫുട്‌ബോളിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കുവൈത്തിനെതിരെ ഇന്ത്യ സമനില വഴങ്ങിയിരുന്നു. മത്സരത്തിന്‍റെ ആദ്യ പകുതിയുടെ അധിക സമയത്തിൽ സുനിൽ ഛേത്രിയുടെ ഗോളിലൂടെ ഇന്ത്യ ലീഡ് സ്വന്തമാക്കിയെങ്കിലും രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ അൻവർ അലിയുടെ സെൽഫ് ഗോൾ ഇന്ത്യയുടെ പക്കൽ നിന്ന് വിജയം തട്ടിയെടുക്കുകയായിരുന്നു. സമനില വഴങ്ങിയെങ്കിലും മത്സരത്തിൽ സുനിൽ ഛേത്രി നേടിയ അത്ഭുത ഗോളാണ് ഇപ്പോൾ പ്രധാന ചർച്ച വിഷയം.
കുവൈത്തിനെതിരായ മത്സരത്തിന്‍റെ ആദ്യ പകുതിയുടെ അധിക സമയത്താണ് ഛേത്രിയുടെ കാലിൽ നിന്ന് ഇന്ത്യയുടെ ഗോൾ പിറന്നത്. അനിരുദ്ധ ഥാപ്പയെടുത്ത കേർണർ കിക്ക് എത്തിയത് കുവൈത്ത് താരങ്ങൾ മാർക്ക് ചെയ്യാതെ ബോക്‌സിനുള്ളിൽ നിന്നിരുന്ന ഛേത്രിയുടെ കാലുകളിലായിരുന്നു.
പന്ത് കൃത്യമായി കാലിലൊതുക്കിയ ഛേത്രി പാസ് കിട്ടിയ അതേ വേഗതിയിൽ തന്നെ തകർപ്പനൊരു വോളിയിലൂടെ പന്ത് ഗോൾ പോസ്റ്റിനുള്ളിലേക്ക് എത്തിക്കുകയായിരുന്നു. ഛേത്രിയുടെ തകർപ്പൻ ഷോട്ട് കണ്ട് നിൽക്കാനേ ബോക്‌സിലുണ്ടായിരുന്ന കുവൈത്ത് താരങ്ങൾക്ക് ആയുള്ളൂ.
അപ്രതീക്ഷിതമായി ഗോൾ പോസ്റ്റിലേക്ക് വന്ന പന്തിന് നേരെ കുവൈത്ത് ഗോളി ചാടി വീണെങ്കിലും അതിന് മുന്നേ തന്നെ പന്ത് ഗോൾ ലൈൻ കടന്നിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ വൈറലായി. ലോകോത്തര നിലവാരമുള്ള ഗോൾ എന്നാണ് ഇതിനെ പലരും വിശേഷിപ്പിച്ചത്.
ഗോളടി വീരൻ : അന്താരാഷ്‌ട്ര ഫുട്‌ബോളിൽ ഛേത്രിയുടെ 92-ാം ഗോളായിരുന്നു ഇത്. നിലവിൽ ലോകത്ത് ഏറ്റവുമധികം അന്താരാഷ്‌ട്ര ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് സുനിൽ ഛേത്രി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (123), അലി ദേയ് (109), ലയണല്‍ മെസി (103) എന്നിവർ മാത്രമാണ് ഈ പട്ടികയിൽ ഛേത്രിയ്ക്ക് മുന്നിലുള്ളത്.
സാഫ് കപ്പിൽ റെക്കോഡ് : ഗോൾ നേട്ടത്തോടെ സാഫ് കപ്പ് ഫുട്‌ബോളിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരം എന്ന റെക്കോഡും സുനിൽ ഛേത്രി സ്വന്തമാക്കി. സാഫ് കപ്പിൽ ഇതുവരെ 24 ഗോളുകളാണ് ഛേത്രി അടിച്ച് കൂട്ടിയിട്ടുള്ളത്. 23 ഗോളുകൾ നേടിയിട്ടുള്ള മാലിദ്വീപിന്‍റെ അലി അഷ്‌ഫാഖിന്‍റെ റെക്കോഡാണ് ഛേത്രി കുവൈത്തിനെതിരായ ഗോളിലൂടെ മറികടന്നത്.
12 ഗോളുകൾ നേടിയിട്ടുള്ള ബൈചുങ് ബൂട്ടിയയാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ഇത്തവണത്തെ സാഫ് കപ്പിൽ ഇതുവരെയുള്ള മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ ഛേത്രി സ്വന്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനെതിരായ മത്സരത്തിൽ ഹാട്രിക് നേടിയ ഛേത്രി നേപ്പാളിനെതിരായ മത്സരത്തിൽ ഒരു ഗോൾ സ്വന്തമാക്കിയിരുന്നു.
ALSO READ :SAFF CUP | ഇഞ്ച്വറി ടൈമിൽ സെൽഫ് ഗോൾ; സാഫ് കപ്പിൽ കുവൈത്തിനെതിരെ ഇന്ത്യയ്‌ക്ക് സമനില, സ്റ്റിമാച്ചിന് വീണ്ടും ചുവപ്പ് കാർഡ്
അതേസമയം മത്സരം സമനിലയിൽ അവസാനിച്ചതോടെ കുവൈത്ത് ഏഴ് പോയിന്‍റുമായി ഗ്രൂപ്പ് എ ചാമ്പ്യൻമാരായി സെമി ഫൈനലിൽ കടന്നു. ഏഴ് പോയിന്‍റുണ്ടെങ്കിലും ആകെ ഗോൾ നേട്ടത്തിൽ കുവൈത്തിന് പിന്നിലായതിനാൽ രണ്ടാം സ്ഥാനത്തോടെയാണ് ഇന്ത്യ സെമിയിലേക്ക് കടന്നിരിക്കുന്നത്. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരെ ഇന്ത്യ സെമിയിൽ നേരിടും.