കൊൽക്കത്ത: എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ കംബോഡിയയെ പരാജയപ്പെടുത്തിയത്. 14, 59 മിനിറ്റുകളിലായി നായകൻ സുനിൽ ഛേത്രി നേടിയ ഇരട്ടഗോളുകളാണ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്.
മത്സരത്തിലുടനീളം പന്ത് കൈവശം വെച്ച് കളിച്ച ഇന്ത്യ കംബോഡിയക്ക് മേൽ വ്യക്‌തമായ മേധാവിത്വം പുലർത്തി. 14-ാം മിനിറ്റിൽ കംബോഡിയൻ ഡിഫൻസിനെ വിറപ്പിച്ച ലിസ്‌റ്റൺ കൊളാസോയെ വീഴ്‌ത്തിയതിന് ഇന്ത്യക്ക് അനുകൂലമായി പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത നായകൻ ഛേത്രിക്ക് പിഴച്ചില്ല. ഇന്ത്യ 1-0 ന് മുന്നിൽ.
ആദ്യ പകുതിയിൽ തന്നെ ലീഡുയർത്താൻ ഇന്ത്യ ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നെങ്കിലും കംബോഡിയ പ്രതിരോധം ശക്തമാക്കിയതോടെ ആദ്യ പകുതിയിൽ ഇന്ത്യൻ ലീഡ് ഒരു ഗോളിലൊതുങ്ങി. രണ്ടാം പകുതിയിൽ മികച്ച നീക്കവുമായി കളം നിറഞ്ഞ് കളിച്ച ഇന്ത്യ സുനിൽ ഛേത്രിയിലൂടെ രണ്ടാം ഗോൾ നേടി. ഒരു ഷോർട്ട് കോർണറിനുശേഷം ബ്രണ്ടൺ ഫെർണാണ്ടസ് നൽകിയ ക്രോസ് ഹെഡ്ഡറിലൂടെ സുനിൽ ഛേത്രി വലയിൽ എത്തിക്കുകയായിരുന്നു.
രണ്ട് ഗോൾ നേടിയതോടെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യ ഛേത്രിയെ പിൻവലിച്ചു. രണ്ടാം പകുതിയിൽ മലയാളി താരങ്ങളായ ആഷിഖും സഹലും കളത്തിലെത്തി. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ആഷിഖിന് മികച്ച അവസരം കിട്ടിയെങ്കിലും താരത്തിന് ലക്ഷ്യത്തിലെത്തിക്കാനായില്ല.
ജയത്തോടെ മൂന്ന് പോയിന്‍റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ഇന്ത്യ. 11 ന് അഫ്‌ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 14 ന് രാത്രി ഹോങ്കോങ്ങിനെയും നേരിടും.