മാഞ്ചസ്റ്റർ : ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും വിജയകരമായ ക്ലബ്ബുകളിലൊന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പ്രീമിയർ ലീഗ് ചരിത്രത്തിലെ റെക്കോഡായ 20 ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ ഒരേയൊരു ടീം. കൂടാതെ 3 യൂറോപ്യൻ കിരീടങ്ങൾ 12 എഫ്എ കപ്പ്, അഞ്ച് ലീഗ് കപ്പ്, 21എഫ്.എ കമ്മ്യൂണിറ്റി ഷീൽഡുകളടക്കം 42 കിരീടങ്ങൾ ഓൾഡ് ട്രാഫോഡിലെത്തിച്ചവരാണ് ചുവന്ന ചെകുത്താൻമാർ. 13 പ്രീമിയർ ലീഗും രണ്ട് ചാമ്പ്യൻസ് ലീഗുകളും മാഞ്ചസ്‌റ്ററിലെത്തിച്ച ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസൺ 2013 ൽ പടിയിറങ്ങിയതിന് ശേഷം യുണൈറ്റഡിന്‍റെ അവസ്ഥ വളരെ പരിതാപകരമാണ്.
ഡേവിഡ് ബെക്കാം, റയാൻ ഗിഗ്‌സ് അലക്‌സ് ഫെർഗൂസണിന് ശേഷമുള്ള 9 സീസണുകളിൽ സ്ഥിരപരിശീലകരും താത്കാലിക പരിശീലകരുമടക്കം 5 പേരെ കൊണ്ടുവന്നെങ്കിലും കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാനായില്ല. ഡേവിഡ് മോയസ്, ലൂയിസ് വാൻ ഗാൽ, ജോസ് മൗറീഞ്ഞോ, ഒലെ ഗുണ്ണാർ സോൾസ്‌ഷെയർ, റാൾഫ് റാഗ്നിക് എന്നിവരാണ് പരീശീലകരായി എത്തിയത്. ഈ കാലയളവിൽ വെറും 3 കിരീടങ്ങൾ മാത്രമാണ് ചരിത്രമുറങ്ങുന്ന ഓൾഡ് ട്രാഫോഡിലെത്തിയത്. 2016-ൽ ഡച്ച് പരീശീലകൻ ലൂയിസ് വാൻ ഗാലിന്‍റെ കീഴിൽ എഫ്എ കപ്പും 2017 സാക്ഷാൽ ജോസേ മൗറീഞ്ഞോയുടെ കീഴിൽ ലീഗ് കപ്പും യൂറോപ്പ ലീഗുമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്.
മോശം പ്രകടനം തുടരുന്ന യുണൈറ്റഡ് ഭാഗ്യം കൊണ്ടുമാത്രമാണ് ഈ സീസണിൽ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്. എഫ്.എ കപ്പ്, ഇ.എഫ്.എല്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവയിലെല്ലാം കണക്ക് കൂട്ടലുകള്‍ തെറ്റിയ ചെകുത്താൻമാർക്ക് കീരീടമില്ലാത്ത മറ്റൊരു സീസൺ കൂടി കടന്നുപോയി. പ്രീമിയര്‍ ലീഗിലെ 38 മത്സരത്തില്‍ 16 എണ്ണത്തില്‍ മാത്രം ജയിച്ച യുണൈറ്റഡ് നിര്‍ണായക സമയത്തെല്ലാം തോല്‍വി വഴങ്ങി. 12 മത്സരങ്ങളിൽ തോല്‍ക്കുകയും പത്ത് മത്സരങ്ങൾ സമനിലയില്‍ കലാശിക്കുകയും ചെയ്‌തു.
മോശം പ്രകടനത്തെ തുടർന്ന് ഒലെ ഗുണ്ണാർ സോൾഷെയറെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും, ഇടക്കാല പരിശീലകനായി സ്ഥാനമേറ്റെടുത്ത റാൽഫ് റാഗ്നിക്കിന് കാര്യമായ മാറ്റങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞില്ല. റാഗ്നിക്ക് ഒരുപാട് പദ്ധതികളോടെയായിരുന്നു യുണൈറ്റഡിനെ പരിശീലിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍ തുടക്കത്തില്‍ ഏതാനും മത്സരങ്ങളിൽ പ്രതീക്ഷിച്ച ഫലം ലഭിച്ചു എന്നല്ലാതെ കാര്യമായ നേട്ടം റാഗ്നിക്കിന് കീഴില്‍ യുണൈറ്റഡിന് നേടാനായില്ല.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പോള്‍ പോഗ്ബ, ബ്രൂണോ ഫെര്‍ണാണ്ടസ്, ജേഡന്‍ സാഞ്ചോ, ഡേവിഡ് ഡി ഹിയ തുടങ്ങി ലോകോത്തര നിരയുണ്ടായുന്ന യുണൈറ്റഡിന്‍റെ സീസണിലെ നേട്ടങ്ങള്‍ വട്ടപ്പൂജ്യമാണ്. ഗോൾകീപ്പർ ഡി ഹിയയുടെയും, കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോയുടെയും പ്രകടനങ്ങൾ മാത്രമായിരുന്നു പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നത്. ടീമിന്‍റെ വളര്‍ച്ച താഴോട്ടായിരുന്നെങ്കിലും ലഭിച്ച അവസരം മുതലാക്കി കൂടുതല്‍ ഗോളുകളും കരിയറില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനും റൊണാൾഡോയ്ക്ക് കഴിഞ്ഞു.
ALSO READ:മിഡ്‌ഫീൽഡർമാർ ഭരിച്ച മുന്നേറ്റ നിര ; മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗ് കിരീട നേട്ടത്തിലെ പ്രധാന ഘടകങ്ങൾ
യുണൈറ്റഡിലെത്തിയതിന് ശേഷമുള്ള ആദ്യ രണ്ട് സീസണില്‍ ചുവന്ന ചെകുത്താന്‍മാരുടെ നട്ടെല്ലായിരുന്നു ബ്രൂണോ ഫെര്‍ണാണ്ടസിനും തൊട്ടതെല്ലാം പിഴച്ച സീസണായിരുന്നു കഴിഞ്ഞുപോയത്. കളിയില്‍ ഏറ്റവും മികച്ച തീരുമാനമെടുക്കുന്ന പോഗ്ബയ്ക്കും ഈ സീസണില്‍ യുണൈറ്റഡിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പരിക്കും ഫോമില്ലായ്‌മയും കാരണം പലപ്പോഴും പോഗ്ബയ്ക്ക് യുണൈറ്റഡിനെ സഹായിക്കാന്‍ കഴിയാതിരുന്നു. കഴിഞ്ഞ സീസണിൽ ടീമിലെത്തിയ ജേഡന്‍ സാഞ്ചോ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും പരിക്കും ഫോമില്ലായ്‌മയും അലട്ടിയ റാഷ്‌ഫോഡിന്‍റെ സ്ഥാനം ടീമിന് പുറത്തായിരുന്നു.