ദോഹ:ഖത്തര്‍ ലോകകപ്പില്‍ ചരിത്രം തീര്‍ക്കാനൊരുങ്ങി ഫ്രഞ്ചുകാരി സ്റ്റെഫാനി ഫ്രപ്പാര്‍ട്ട്. പുരുഷ ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഒരു മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറിയെന്ന ചരിത്രനേട്ടമാണ് സ്റ്റെഫാനിയെ കാത്തിരിക്കുന്നത്. ഇന്ത്യൻ വെള്ളിയാഴ്‌ച പുലര്‍ച്ചെ 12.30ന് ഗ്രൂപ്പ് ഇയിലെ കോസ്റ്റാറിക്കയും ജര്‍മനിയും തമ്മിലുള്ള മത്സരമാണ് സ്റ്റെഫാനി നിയന്ത്രിക്കുക.
ഇക്കാര്യം അറിയിച്ച് ഫിഫ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ഈ മത്സരത്തില്‍ അസിസ്റ്റന്‍റ് റഫറിമാരാകുന്നത് ബ്രസീലുകാരിയായ ന്യൂസ ബക്കും മെക്‌സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡയസുമാണ്. കഴിഞ്ഞ ആഴ്ച നടന്ന പോളണ്ട് - മെക്‌സിക്കോ മത്സരത്തിന്‍റെ ഫോര്‍ത്ത് ഒഫീഷ്യലായിരുന്നു 38കാരിയായ സ്റ്റെഫാനി. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളും സ്റ്റെഫാനി നിയന്ത്രിച്ചിട്ടുണ്ട്. കൂടാതെ 2020ലെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും യൂറോപ്പ ലീഗ് മത്സരങ്ങളും നിയന്ത്രിച്ച സ്റ്റെഫാനി 2019ലെ യുവേഫ സൂപ്പര്‍ കപ്പ് ഫൈനലിലും റഫറിയായിട്ടുണ്ട്.