ടെന്നിസ് ഇതിഹാസം നൊവാക് ജോക്കോവിച്ച് 2024 സീസണിന് ശേഷം വിരമിച്ചേക്കുമെന്ന സൂചന നൽകി താരത്തിന്‍റെ പിതാവ് സർദാൻ ജോക്കോവിച്ച്. സ്പോർട്ടലിന്‍റെ 'നൊവാക് ജോക്കോവിച്ച് - അൺടോൾഡ് സ്റ്റോറീസ്' എന്ന ഡോക്യുമെന്‍ററിയിലാണ് ആരാധകരെ നിരാശരാക്കുന്ന വാർത്ത സർദാൻ പങ്കുവച്ചത്. ഈയിടെ അവസാനിച്ച വിംബിൾഡണ്‍ ഫൈനലിൽ യുവതാരം കാർലോസ് അൽക്കരാസിനോട് ജോക്കോവിച്ച് തോൽവി വഴങ്ങിയിരുന്നു. പിന്നാലെ താരത്തിന്‍റെ വിരമിക്കൽ അഭ്യൂഹങ്ങളും ശക്‌തമായിരുന്നു.
സർദാനിന്‍റെ വാക്കുകളിലൂടെ - 'ഏഴ്-എട്ട് വർഷങ്ങൾക്ക് മുൻപ് തന്നെ ടെന്നിസ് ലോകത്തെ എല്ലാ നേട്ടങ്ങളും അവൻ സ്വന്തമാക്കിക്കഴിഞ്ഞു. അതിന് ശേഷം ലഭിച്ചതെല്ലാം ബോണസാണ്. ഇപ്പോൾ ഒന്നിനും അവസാനമായിട്ടില്ല. ഒരു ഒന്നര വർഷത്തിന് ശേഷം അതിനെക്കുറിച്ച് സംസാരിക്കാം. വളരെ ബുദ്ധിമുട്ടേറിയ ഈ ജോലി അവൻ കുറച്ച് കാലം മുൻപ് തന്നെ നിർത്തേണ്ടതായിരുന്നു എന്നാണ് ഒരു പിതാവെന്ന നിലയിൽ ഞാൻ കരുതുന്നത്.
ഇത് ശാരീരികമായും മാനസികമായും വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. 30 വർഷമായി അവൻ ജീവനും ശരീരവും പൂർണമായും ടെന്നിസിനായി അർപ്പിച്ചിരിക്കുകയായിരുന്നു. പൂർണമായും മത്സരത്തിന്‍റെ ചിന്തയിലായിരുന്നതിനാൽ തന്നെ ജീവിതത്തിലെ മറ്റ് കാര്യങ്ങൾക്ക് മുൻഗണന നൽകാൻ അവനായിട്ടില്ല. ഇനി അതിന് കൂടിയുള്ള സമയമാണ്. സർദാൻ ജോക്കോവിച്ച് വ്യക്‌തമാക്കി.
ടെന്നിസ് അവന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം മാത്രമാണ്, അവന്‍റെ മുഴുവൻ ജീവിതമല്ല. ടെന്നീസ് ലോകം വിട്ടതിന് ശേഷവും, തന്‍റെ കരിയർ അവസാനിച്ചതിന് ശേഷവും അവൻ ചെയ്യുന്ന കാര്യങ്ങൾക്ക് അംഗീകാരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് അടുത്ത വർഷം സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ എല്ലാം അവന്‍റെ തീരുമാനമാണ്. സർദാൻ ജോക്കോവിച്ച് കൂട്ടിച്ചേർത്തു.