ന്യൂഡല്‍ഹി :ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടി ഗുസ്‌തി ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്‌ത് കേന്ദ്ര കായിക മന്ത്രാലയം (Sports Ministry Suspended WFI). സഞ്ജയ് സിങ് നേതൃത്വം നല്‍കുന്ന ഫെഡറേഷനെതിരെയാണ് നടപടി. പഴയ ഭാരവാഹികളുടെ പൂര്‍ണ നിയന്ത്രണത്തിലാണ് പുതിയ സമിതി പ്രവര്‍ത്തിക്കുന്നത് എന്ന് കായിക മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ഗുസ്‌തി ഫെഡറേഷന്‍റെ മുന്‍ ഭാരവാഹികള്‍ക്കെതിരായ ലൈംഗിക പീഡന പരാതി നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ വീണ്ടും ഫെഡറേഷന്‍റെ ഭരണം ഇവരുടെ നിയന്ത്രണത്തില്‍ വരുന്നത് ധാര്‍മികതയ്‌ക്ക് നിരക്കാത്തതാണെന്ന് മന്ത്രാലയം അറിയിച്ചു.
ഇക്കഴിഞ്ഞ ഡിസംബര്‍ 21നായിരുന്നു ഗുസ്‌തി ഫെഡറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പഴയ അധ്യക്ഷനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ വിശ്വസ്‌തന്‍ സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടത്. 15ല്‍ 13 സീറ്റുകളിലേക്കാണ് സഞ്ജയ് സിങ്ങിന്‍റെ നേതൃത്വത്തിലുളള പാനല്‍ ജയം നേടിയത്. ഏഴിനെതിരെ 40 വോട്ടുകള്‍ നേടിയാണ് ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ട ബ്രിജ്‌ഭൂഷണിന്‍റെ വിശ്വസ്തനും ഉത്തര്‍പ്രദേശ് ഗുസ്‌തി അസോസിയേഷന്‍ വൈസ് പ്രസിഡന്‍റുമായ സഞ്ജയ് സിങ് ഗുസ്‌തി ഫെഡറേഷന്‍റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.
ബ്രിജ്‌ഭൂഷണിന് വേണ്ടപ്പെട്ടവര്‍ തന്നെ വീണ്ടും ഫെഡറേഷന്‍റെ തലപ്പത്ത് എത്തിയതോടെ വനിതാ ഗുസ്‌തി താരം സാക്ഷി മാലിക്ക് വിരമിക്കല്‍ പ്രഖ്യാപനം നടത്തി. ബജ്‌റംഗ് പുനിയ പത്മ പുരസ്‌കാരം തിരികെ നല്‍കുകയും ചെയ്‌തിരുന്നു. പിന്നാലെ, ഇവര്‍ക്ക് പിന്തുണയുമായി നിരവധി കായിക താരങ്ങളും രംഗത്തെത്തിയിരുന്നു.
തെരഞ്ഞടുക്കപ്പെട്ട പാനല്‍ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് കായിക മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഫെഡറേഷനെ സ്ഥിരമായി പിരിച്ചുവിട്ടിട്ടില്ല. ശരിയായ നടപടിക്രമങ്ങളും നിയമങ്ങളും പാലിച്ചാൽ അവര്‍ക്കെതിരെയുള്ള നടപടി നീക്കുമെന്നും കായിക മന്ത്രാലയത്തോട് അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
Also Read :മോദിയും സച്ചിനും അമിതാഭും എവിടെ?; ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി വിജേന്ദര്‍ സിങ്
അണ്ടര്‍15, അണ്ടര്‍ 20 ദേശീയ മത്സരങ്ങള്‍ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നടത്തുമെന്ന് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ദിവസം സഞ്ജയ് സിങ് പ്രഖ്യാപിച്ചിരുന്നു. അധ്യക്ഷന്‍റെ ഈ പ്രഖ്യാപനം ഫെഡറേഷന്‍റെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് പരിശീലനത്തിന് വേണ്ടത്ര സമയം നല്‍കിയില്ലെന്നും കായിക മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കായിക മന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരെ പുതിയ പാനലില്‍ ഉള്ളവര്‍ കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.