മസ്‌കറ്റ്: ഏഷ്യ കപ്പ് വനിത ഹോക്കി ടൂർണമെന്‍റിന്‍റെ സെമി ഫൈനലിൽ ഇന്ത്യക്ക് തോൽവി. വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ദക്ഷിണ കൊറിയയാണ് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ ഇന്ത്യ ആക്രമിച്ചാണ് കളിച്ചത്. ഇതിന്‍റെ ഫലമായി 28-ാം മിനിട്ടിൽ നേഹയിലൂടെ ആദ്യ ഗോളും സ്വന്തമാക്കി. എന്നാൽ തൊട്ടുപിന്നാലെ യുൻബി ചിയോണിലൂടെ കൊറിയ സമനിലഗോൾ നേടി. പിന്നാലെ 45-ാം മിനിട്ടിൽ സ്യൂങ് ജു ലീയിലൂടെ കൊറിയ ലീഡും നേടി. ഇതോടെ ആദ്യ പകുതി 2-1 ന് അവസാനിച്ചു.
രണ്ടാം പകുതിയിലും കൊറിയക്കായിരുന്നു ആധിപത്യം. 47-ാം മിനിട്ടിൽ തന്നെ മൂന്നാം ഗോൾ നേടി അവർ ലീഡ് രണ്ടായി ഉയർത്തി. ഹൈജിൻ ചോയുടെ വകയായിരുന്നു ഗോൾ. ഇതോടെ തോൽവി മുന്നിൽ കണ്ട ഇന്ത്യ ആക്രമിച്ച് കളിക്കാൻ തുടങ്ങി. പിന്നാലെ 54-ാം മിനിട്ടിൽ ലാൽറെംസിയാമിയിലൂടെ ഇന്ത്യ രണ്ടാം ഗോൾ സ്വന്തമാക്കി.