ലാറ്റിനമേരിക്കന്‍ മേഖല ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി ഉറുഗ്വായുടെ ലൂയിസ് സുവാരസ്. അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിയുടെ റെക്കോഡാണ് താരം മറികടന്നത്.
ഖത്തര്‍ ലോകപ്പ് യോഗ്യത മത്സത്തില്‍ ചിലിക്കെതിരെ ഗോളടിച്ചാണ് സുവാരസിന്‍റെ നേട്ടം. 79ാം മിനിട്ടില്‍ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിലൂടെയായിരുന്നു സുവാരസ് ഗോള്‍ വലയിലെത്തിച്ചത്. ഇതോടെ 62 മത്സരങ്ങളില്‍നിന്ന് 29 ഗോളുകളാണ് സുവാരസിന്‍റെ പേരിലുള്ളത്.
ഈ മത്സരത്തിന് മുന്നെ 28 ഗോളുകള്‍ വീതമടിച്ച് മെസിയും സുവാരസും റെക്കോഡ് പങ്കിടുകയായിരുന്നു.ബൊളീവിയയുടെ മാഴ്‌സെലോ മാര്‍ട്ടിന്‍സ് (22), അര്‍ജന്‍റീനയുടെ ഹെര്‍നാന്‍ ക്രെസ്‌പോ (19), ചിലിയുടെ അലക്‌സിസ് സാഞ്ചസ് (19), ഉറുഗ്വേയുടെ എഡിന്‍സണ്‍ കാവാനി (18) എന്നിവരാണ് ഇരുവര്‍ക്കും പിന്നിലുള്ളത്.
also read: ലേസർ പ്രയോഗവും വംശീയാധിക്ഷേപവും ; സെനഗൽ ആരാധകർക്കെതിരെ പരാതിയുമായി ഈജിപ്‌ത്
മത്സരത്തില്‍ 2-0ത്തിന് ഉറുഗ്വായ് ചിലിയെ കീഴടക്കിയിരുന്നു. സുവാരസിന് പുറമെ ഫെഡറികോയാണ് ടീമിനായി ഗോള്‍ നേടിയത്. വിജയത്തോടെ ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യത ഉറപ്പിക്കാനും സംഘത്തിനായി.