ലണ്ടൻ : വിംബിൾഡൺ വനിത സിംഗിൾസിൽ റൊമാനിയൻ മുൻ ലോക ഒന്നാം നമ്പർ സിമോണ ഹാലെപും കസാഖ്‌സ്ഥാന്‍റെ എലേന റൈബാക്കിനയും സെമിയിൽ. ക്വാർട്ടറിൽ ഹാലെപ് അമേരിക്കയുടെ അമൻഡ അനിസിമോവയെയും എലേന ഓസ്‌ട്രേലിയൻ താരം അയ്‌ല ടോംലാനോവിച്ചിനെയുമാണ് കീഴടക്കിയത്. ഇതോടെ വനിതാവിഭാഗം സെമി ലൈനപ്പായി.
65 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തിൽ അമൻഡയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഹാലെപ് കീഴടക്കിയത്. പരിചയസമ്പന്നയായ ഹാലെപിനെതിരെ ഒന്നു പോരുതാൻ പോലും ഇരുപതാം സീഡായ അമൻഡയ്‌ക്ക് സാധിച്ചില്ല. വിംബിൾഡണിൽ ഹാലെപിന്‍റ തുടർച്ചയായ 12-ാം ജയമാണിത്. 2019-ൽ വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ട ശേഷം ആദ്യമായാണ് ഹാലെപ് സെമിഫൈനലിൽ എത്തുന്നത്. സ്‌കോർ: 6-2, 6-4.
മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയ ഹാലെപ് 6-2 ന് ആദ്യ സെറ്റും 6-4 ന് രണ്ടാം സെറ്റും സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ 3 എയ്‌സുകൾ ഉതിർത്ത ഹാലെപ് ഒരു തവണ ബ്രേക്ക് വഴങ്ങിയെങ്കിലും നാലുതവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്‌തു.
സെമിയിൽ 17-ാം സീഡ് റഷ്യയിൽ ജനിച്ചു. 2018 ൽ കസാഖ്‌സ്ഥാൻ താരമായ എലേന റൈബാക്കിനയായിരുന്നു സിമോണയുടെ എതിരാളി. ഈ വിംബിൾഡണിൽ ഇത് വരെ ഒരു സെറ്റ് പോലും സിമോണ വഴങ്ങിയിട്ടില്ല. നിലവിൽ വിംബിൾഡണിൽ അവശേഷിക്കുന്ന ഏക ഗ്രാന്‍റ് സ്‌ലാം ജേതാവും സിമോണ മാത്രമാണ്.
അവസാന നാലിൽ റഷ്യൻ സാന്നിധ്യമായി കസാഖ്‌സ്ഥാന്‍റെ എലേന റൈബാക്കിന: സീഡ് ചെയ്യാത്ത ഓസ്‌ട്രേലിയൻ താരം അജ്‌ല ടോം ജാനോവിച്ചിനെതിരെ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് കസാഖ്‌സ്ഥാന്‍റെ റൈബാക്കിന ജയം നേടിയത്. ചരിത്രത്തിൽ ഇത് ആദ്യമായാണ് ആണ് ഒരു കസാഖ്‌സ്ഥാൻ താരം ഗ്രാന്‍റ് സ്‌ലാം സെമിഫൈനലിൽ എത്തുന്നത്. 17-ാം സീഡ് ആയ കസാഖ്‌സ്ഥാൻ താരം 2018 വരെ റഷ്യക്ക് ആയി ആണ് കളത്തിൽ ഇറങ്ങിയിരുന്നത്.
ആദ്യ സെറ്റ് 6-4 നു കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകളിൽ അവിസ്‌മരണീയ ടെന്നിസാണ് റൈബാക്കിന പുറത്തെടുത്തത്. 6-2, 6-3 എന്ന സ്‌കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടിയ റൈബാക്കിന അവസാന നാലിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മത്സരത്തിൽ 15 എയ്‌സുകൾ ആണ് എലേന ഉതിർത്തത്.
3 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും 5 തവണ എതിരാളിയുടെ സർവീസ് റൈബാക്കിന ബ്രേക്ക് ചെയ്‌തു. റൈബാക്കിന സെമിയിൽ മുൻ ജേതാവ് സിമോണ ഹാലപ്പിനെ ആണ് നേരിടുക. മറ്റൊരു സെമിയിൽ ജർമനിയുടെ തത്യാന മരിയ ടുണീഷ്യയുടെ ഓൺസ് യാബിയറുമായി കൊമ്പുകോർക്കും.