ഹൈദരാബാദ്:അര്‍ബുദത്തോട് പോരടിച്ചാണ് ഇന്ത്യന്‍ വനിതാ സ്‌പോര്‍ട് ക്ലൈമ്പര്‍ ശിവാനി ചരക് കായിക രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ഒമ്പതാം വയസ് മുതല്‍ ശിവാനി അര്‍ബുദത്തിനെതിരായ പോരാട്ടത്തിലാണ്. ഇന്ന് അവര്‍ ലോക കായിക രംഗത്തിന് തന്നെ മാതൃകയാണ്. ഒളിമ്പിക് ഇനമായ സ്‌പോര്‍ട്സ് ക്ലൈമ്പിങ് ഇനത്തില്‍ ദേശീയ തലത്തില്‍ ഒന്നാം നമ്പര്‍ താരമാണ് ശിവാനി. നിലവില്‍ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത ലക്ഷ്യമിട്ട് മുന്നേറുകയാണ് ശിവാനി. ആദ്യമായാണ് സ്‌പോര്‍ട് ക്ലൈമ്പിങ് ഒളിമ്പിക് ഇനമായി മാറുന്നത്. ടോക്കിയോ ബെര്‍ത്ത് ഉറപ്പിക്കാന്‍ കഠിന പരിശ്രമം തുടരുകയാണ് ശിവാനി ചരക്.
ചോദ്യം. അര്‍ബുദം ഉണ്ടെന്ന് അറിഞ്ഞ ഘട്ടത്തില്‍ ഏത് തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് അനുഭവിച്ചത്?
ഉത്തരം. അര്‍ബുദത്തെ കുറിച്ച് കുടുംബാംഗങ്ങള്‍ തുടക്കത്തിൽ എന്നോട് പറഞ്ഞിരുന്നില്ല. വൃക്ക രോഗമെന്നായിരുന്നു അവർ ആദ്യം പറഞ്ഞത്. തുടര്‍ന്ന് ജമ്മുവില്‍ നിന്നും ചികിത്സക്കായി ചണ്ഡിഗഡിലേക്ക് പോകാൻ ഡോക്‌ടർമാർ ഉപദേശിച്ചു. അപ്പോഴാണ് അര്‍ബുദമാണെന്ന് മനസിലായത്. രോഗത്തിന്‍റെ ഗുരുതരാവസ്ഥയെ കുറച്ച് മനസിലാകാന്‍ വീണ്ടും സമയമെടുത്തു. അപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചെങ്കിലും കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണ ലഭിച്ചു. എന്നിരുന്നാലും ആ മൂന്ന് വര്‍ഷം മുന്നോട്ട് പോകാന്‍ ഏറെ ബുദ്ധമുട്ടി. കീമോതെറാപ്പിക്ക് വിധേയയായി. ശരിയായി ഭക്ഷണം കഴിക്കാന്‍ പോലും സാധിച്ചില്ല.