റിയാദ്: സൗദി സ്ഥാപകദിനത്തില്‍ രാജ്യത്തിന്‍റെ ആഘോഷങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്ന് സൂപ്പര്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അറബികളുടെ പരമ്പരാഗത വേഷമണിഞ്ഞും, നൃത്തം ചവിട്ടിയുമാണ് റൊണാള്‍ഡോ ആഘോഷപരിപാടികളില്‍ ഭാഗമായത്. സൗദി ക്ലബ്ബ് അല്‍ നസ്‌ര്‍ താരം റൊണാള്‍ഡോ തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
'സൗദി അറേബ്യക്ക് സ്ഥാപക ദിനാശംസകള്‍. അല്‍ നസ്‌ര്‍ എഫ്‌സിക്കൊപ്പമുള്ള ഈ ആഘോഷവേള വളരെ വേറിട്ടതായിരുന്നു'- എന്ന വാചകത്തോടെയാണ് റൊണാള്‍ഡോ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഇന്നലെയായിരുന്നു സൗദി അറേബ്യ സ്ഥാപക ദിനം.
സ്ഥാപക ദിനത്തോട് അനുബന്ധിച്ച് സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും ഒരാഴ്‌ചയോളം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് അല്‍ നസ്‌ര്‍ ക്ലബും ആഘോഷം സംഘടിപ്പിച്ചത്. അറബികളുടെ പരമ്പരാഗത വേഷമായ തോബ് ധരിച്ചാണ് താരം ആഘോഷപരിപാടിയില്‍ പങ്കെടുത്തത്.
കൂടാതെ, വീഡിയോയില്‍ റൊണാള്‍ഡോ മൈതാനത്ത് നൃത്തം ചവിട്ടുന്നതും കാണാം. അറബികള്‍ കയ്യിലേന്തുന്ന വാളും നൃത്തത്തിനിടെ റൊണാള്‍ഡോ കയ്യില്‍ പിടിച്ചിരുന്നു. റൊണാള്‍ഡോയ്‌ക്കൊപ്പം ക്ലബ്ബിലെ മറ്റ് താരങ്ങളും പരിപാടിയുടെ ഭാഗമായിരുന്നു.
ഇക്കഴിഞ്ഞ ഫിഫ ലോകകപ്പിന് പിന്നാലെയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും റൊണാള്‍ഡോ അല്‍ നാസ്‌റിലേക്കെത്തിയത്. വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലായിരുന്നു ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റം. ജനുവരി ട്രാന്‍സഫര്‍ വിന്‍ഡോയിലൂടെ അല്‍ നസ്‌റിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2025 വരെയാകും ക്ലബ്ബിനൊപ്പം തുടരുക.