സോള്‍: മിന്നും ഫോം തുടര്‍ന്ന് ഇന്ത്യയുടെ സ്റ്റാര്‍ ബാഡ്‌മിന്‍റണ്‍ ജോഡിയായ സാത്വിക് സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. കൊറിയ ഓപ്പൺ സൂപ്പർ 500 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോരിനാണ് ഇരുവരും ടിക്കറ്റ് എടുത്തിരിക്കുന്നത്. പുരുഷ ഡബിൾസിന്‍റെ വാശിയേറിയ സെമി ഫൈനല്‍ പോരാട്ടത്തില്‍ ചൈനയുടെ ലോക രണ്ടാം നമ്പർ ജോഡിയായ ലിയാങ് വെയ് കെങ്ങിനെയും വാങ് ചാങ്ങിനെയുമാണ് ഇന്ത്യന്‍ താരങ്ങള്‍ വീഴ്‌ത്തിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോക മൂന്നാം നമ്പര്‍ സഖ്യമായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും കളി പിടിച്ചത്. 40 മിനിറ്റ് നേരമാണ് ഇവര്‍ തമ്മിലുള്ള പോരാട്ടം നീണ്ടു നിന്നത്. സ്‌കോര്‍: 21-15, 24-22. ലിയാങ് വെയ് കെങ്-വാങ് ചാങ് സഖ്യത്തിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ നേടുന്ന ആദ്യ വിജയമാണിത്. ഇതിന് മുന്നെ രണ്ട് തവണ നേര്‍ക്കുനേരെത്തിയപ്പോളും ചൈനീസ് താരങ്ങള്‍ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തെ തോല്‍പ്പിച്ചിരുന്നു.
ഫൈനലില്‍ ടോപ്പ് സീഡായ ഇന്തോനേഷ്യയുടെ ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്റോ സഖ്യമോ, കൊറിയയുടെ കാങ് മിൻ ഹ്യൂക്ക്- സിയോ സ്യൂങ് ജേ സഖ്യമോ ആവും ഇന്ത്യന്‍ താരങ്ങളുടെ എതിരാളി. കഴിഞ്ഞ മാസം ഇന്തോനേഷ്യ ഓപ്പൺ സൂപ്പർ 1000 വിജയിച്ച സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നത്.
നേര്‍ത്തുനേര്‍ പോരാട്ടങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ലെന്ന റെക്കോഡുമായി എത്തിയ രണ്ടാം സീഡായ ലിയാങ് വെയ് കെങ് -ചാങ് വാങ് സഖ്യത്തിന് ആദ്യ സെറ്റിന്‍റെ തുടക്കത്തില്‍ തന്നെ കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞു. ഷോര്‍ട്ട് റാലികളിലൂടെ പോയിന്‍റ് നേടാനായിരുന്നു ആദ്യ ഘട്ടത്തില്‍ ഇരു ടീമുകളും ശ്രമിച്ചത്. സ്‌കോര്‍ ഒരു ഘട്ടത്തില്‍ 3-3 നും 5-5 നും സമനിലയിലായിരുന്നു.
എന്നാല്‍ തുടര്‍ച്ചയായ രണ്ട് പോയിന്‍റുകള്‍ നേടി 7-5ന് ഇന്ത്യന്‍ താരങ്ങള്‍ മുന്നില്‍ എത്തി. ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ മൂന്ന് പോയിന്‍റ് ലീഡ് ഉറപ്പിക്കാന്‍ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് കഴിഞ്ഞിരുന്നു. തിരിച്ചെത്തിയപ്പോള്‍ മികച്ച രീതിയില്‍ പോയിന്‍റുകള്‍ നേടിക്കൊണ്ട് 14-8 എന്ന നിലയിലേക്ക് ലീഡ് ഉയര്‍ത്താനും ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞു. തിരിച്ചുവരവിന് ശ്രമം നടത്തിയ ചൈനീസ് താരങ്ങളെ സാത്വിക്‌സായിരാജ് തന്റെ ട്രേഡ് മാർക്ക് സ്മാഷുകളിലൂടെ കുഴപ്പിച്ചു.