ദോഹ: ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോല്‍പ്പിച്ചുള്ള അര്‍ജന്‍റീനയുടെ വിജയത്തിന്‍റെ പ്രതിധ്വനികൾ ലോകമെമ്പാടും ഉയർന്നിരുന്നു. ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരുടെ നേട്ടം തങ്ങളുടേതെന്ന പോലെയാണ് ലോകം ആഘോഷിച്ചത്. കളിക്കളത്തില്‍ ചിരവൈരികളാണെങ്കിലും മെസിപ്പടയുടെ നേട്ടം ബ്രസീലും ആഘോഷിച്ചുവെന്നാണ് ഇതിഹാസ താരം റൊണാൾഡോ നസാരിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
വിശ്വകിരീട നേട്ടത്തില്‍ മെസിയേയും സംഘത്തെയും അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് റൊണാൾഡോ ഇക്കാര്യം എഴുതിയത്. "അയാളുടെ ഫുട്ബോൾ ഏത് വിരോധവും മാറ്റിവയ്‌പ്പിക്കുന്നതാണ്.
ഒരുപാട് ബ്രസീലുകാരും ലോകമെമ്പാടുമുള്ള ആളുകളും ഈ കലക്കന്‍ ഫൈനലില്‍ മെസിക്ക് വേണ്ടി ആര്‍പ്പുവിളിക്കുന്നത് ഞാന്‍ കണ്ടു. ഒരു ലോകകപ്പ് താരമെന്നതിലുപരിയായി ആ പ്രതിഭയ്ക്ക് അർഹമായ വിടവാങ്ങൽ. ഒരു യുഗത്തിന് അവന്‍ നായകനായി. അഭിനന്ദനങ്ങൾ മെസി!", റൊണാൾഡോ ട്വിറ്ററിൽ കുറിച്ചു.
മെസിയേയും സംഘത്തെയും അഭിനന്ദിച്ച് ബ്രസീലിന് രണ്ട് തവണ ലോകകപ്പ് നേടിക്കൊടുത്ത പെലെയും നേരത്തെ രംഗത്തെത്തിയിരുന്നു. മെസി ഈ ലോകകപ്പ് അര്‍ഹിക്കുന്നുവെന്നാണ് പെലെ ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്. ലോകകപ്പിലെ മികച്ച പ്രകടനത്തിന് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയേയും 82കാരന്‍ അഭിനന്ദിച്ചിരുന്നു.
ഖത്തറിലെ കലാശപ്പോരില്‍ ഷൂട്ടൗട്ടിലാണ് അര്‍ജന്‍റീന നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ഫ്രാന്‍സിനെ മറികടന്നത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലെത്തിയത്. ഷൂട്ടൗട്ടില്‍ ലയണല്‍ മെസി, പൗലേ ഡിബാല, ലിയാന്‍ഡ്രോ പരെഡസ്, മോണ്ടിയാല്‍ എന്നിവരാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ക്കായി വലകുലുക്കിയത്.
ഫ്രാന്‍സിനായി കിക്കെടുത്ത എംബാപ്പെ, കൊലോ മുവാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കിങ്‌സ്‌ലി കോമാനും ഔറേലിയന്‍ ചൗമേനിയ്‌ക്കും പിഴച്ചു.
Also read:'ഡീഗോ ഇപ്പോൾ പുഞ്ചിരിക്കുന്നുണ്ടാവും'; മെസിയേയും അര്‍ജന്‍റീനയേയും അഭിനന്ദിച്ച് പെലെ