24 വർഷത്തെ ഐതിഹാസിക കരിയറിന് വിരാമമിട്ട് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറർ. ഒടുവിൽ ലേവർകപ്പിൽ കോർട്ടിലെ പ്രധാന എതിരാളിയും പ്രിയ സുഹൃത്തുമായ റാഫേൽ നദാലിനൊപ്പമുള്ള ഡബിൾസ് മത്സരത്തോടെയാണ് ഇതിഹാസം വിടചൊല്ലിയത്. മത്സരത്തിൽ എതിരാളികളായ ജാക്ക് സോക്കും ഫ്രാൻസിസ് ടിയാഫോയും ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് വിജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോർ 4-6, 7-6, 11-9.
മത്സരത്തിന് പിന്നാലെ വികാരാധീനമായ യാത്രയയപ്പിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വിടവാങ്ങല്‍ പ്രസംഗത്തിൽ ഓരോ വാക്കുകൾ പറയുമ്പോഴും വികാരം നിയന്ത്രിക്കാനാകാതെ പൊട്ടിക്കരയുകയായിരുന്നു ഫെഡറർ. ഇത് സഹതാരം നദാൽ ഉൾപ്പെടെ സ്റ്റേഡിയത്തിലുണ്ടായിരുന്നവരെ മുഴുവൻ കണ്ണീരിലാഴ്‌ത്തി.
'ഇത് ഒരു അത്ഭുതകരമായ ദിവസമാണ്. എനിക്ക് സന്തോഷമുണ്ട്, സങ്കടമില്ല. ഇവിടെ വന്നതിൽ വലിയ സന്തോഷം തോന്നുന്നു. ഒരിക്കൽ കൂടി ഞാൻ എന്‍റെ ഷൂസ് കെട്ടുന്നത് ആസ്വദിച്ചു. എല്ലാത്തിന്‍റെയും അവസാനമായിരുന്നു. എല്ലാ മത്സരങ്ങളും രസകരമായിരുന്നു. കുടുംബവും സുഹൃത്തുക്കളും ഒപ്പമുള്ളതിനാൽ മത്സരത്തിൽ എനിക്ക് അത്രത്തോളം സമ്മർദം അനുഭവപ്പെട്ടിരുന്നില്ല.
റാഫയ്‌ക്കൊപ്പം ഒരേ ടീമിൽ കളിക്കുന്നത് സന്തോഷകരമാണ്. എനിക്ക് ഇതൊരു ആഘോഷമായി തോന്നുന്നു. ഇത് തന്നെയാണ് ഞാൻ ആഗ്രഹിച്ചതും. ഇതൊരു മനോഹരമായ യാത്രയാണ്. നന്ദി. നിരവധി പേർ ഇന്ന് എന്നെ പ്രോത്സാഹിപ്പിക്കാനായി ഇവിടെയെത്തി. എല്ലാവർക്കും നന്ദി', വാക്കുകൾ മുഴുവിപ്പിക്കാനാവാതെ നിറഞ്ഞ കണ്ണുകളോടെ ഫെഡറർ പറഞ്ഞു.
20 ഗ്രാന്‍റ്സ്ലാമുകൾ: രണ്ടര പതിറ്റാണ്ടോളം നീണ്ട അതിശയകരമായ കരിയറിൽ 1526 മത്സരങ്ങളിലാണ് 41 കാരനായ ഫെഡറർ റാക്കറ്റേന്തിയത്. ഇതിൽ എട്ട് വിംബിൾഡണ്‍ കിരീടങ്ങൾ ഉൾപ്പെടെ 20 ഗ്രാന്‍റ്സ്ലാം ഫെഡറർ തന്‍റെ പേരിൽ കുറിച്ചു. 2003ൽ ആദ്യ വിംബിൾഡണ്‍ നേടി പോരാട്ടം ആരംഭിച്ച ഫെഡറർ ആധുനിക ടെന്നിസിൽ 20 ഗ്രാന്‍റസ്ലാം കുറിക്കുന്ന ആദ്യ താരം എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.