മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ റയൽ മാഡ്രിഡിന് ജയം. സ്വന്തം മൈതാനത്ത് ചെൽസിയെ നേരിട്ട റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകളുടെ ജയമാണ് നേടിയത്. റയലിനായി കരിം ബെൻസേമ, മാർകോ അസെൻസിയോ എന്നിവരാണ് ഗോളുകൾ നേടിയത്.
ഫ്രാങ്ക് ലമ്പാർഡിന് കീഴിൽ തിരിച്ചുവരവിനായി ശ്രമിക്കുന്ന ചെൽസി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും പ്രതിരോധത്തിലെ പിഴവുകളും ഫിനിഷിങ്ങിലെ പോരായ്‌മയും വിനയായി. ആദ്യ ഇലവനിൽ ഇറങ്ങിയ ജോവോ ഫെലിക്‌സും റഹീം സ്റ്റെർലിങ്ങും മികച്ച അവസരങ്ങൾ സൃഷ്‌ടിച്ചു. മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ തന്നെ ജോവോ ഫെലിക്‌സ് ഗോളിനടുത്തെത്തിയെങ്കിലും ഗോൾകീപ്പർ റയലിന്‍റെ രക്ഷകനായി.
എന്നാൽ പതിയെ മത്സരത്തിന്‍റെ മേധാവിത്വം കൈക്കലാക്കിയ റയൽ 21-ാം മിനിറ്റിൽ ബെൻസേമയിലൂടെ ലീഡെടുത്തു. കാർവജാൽ ബോക്‌സിലേക്ക് ഉയർത്തി നൽകിയ പാസ് വിനീഷ്യസ് ഗോളിലേക്ക് ലക്ഷ്യവച്ചെങ്കിലും ഗോൾകീപ്പർ തടയുകയും റീബൗണ്ടിൽ നിന്നും അനായാസം ബെൻസേമ വലകുലുക്കുകയും ചെയ്‌തു. അവസാന ഒമ്പത് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരങ്ങളിൽ ബെൻസേമയുടെ 14-ാം ഗോളായിരുന്നു ഇത്.
തൊട്ടടുത്ത നിമിഷം തന്നെ സ്റ്റെർലിങ്ങിന്‍റെ ശ്രമം കോർട്ടോ തടഞ്ഞു. അതിന് പിന്നാലെ വിനീഷ്യസിന്‍റെ ശ്രമം ഗോൾലൈനിൽ സേവിലൂടെയാണ് ചെൽസി ഡിഫൻഡർ സിൽവ രക്ഷപ്പെടുത്തിയത്. റയൽ തുടരാക്രമണങ്ങളുമായി ചെൽസിയുടെ ഗോൾമുഖം വിറപ്പിച്ചെങ്കിലും പിന്നീട് ആദ്യപകുതിയിൽ ഗോളൊന്നും പിറന്നില്ല.
രണ്ടാം പകുതിയിൽ തിരിച്ചുവരവിനായി പൊരുതുന്നതിനിടെ ചെൽസി ഡിഫൻഡർ ബെൻ ചിൽവെൽ ചുവപ്പ് കണ്ട് പുറത്തായത് തിരിച്ചടിയായി. റോഡ്രിയെ ഫൗൾ ചെയ്‌തതിനാണ് താരത്തിന് ചുവപ്പ് കാർഡ് വിധിച്ചത്. ചെൽസി 10 പേരായി ചുരുങ്ങിയതോടെ റയൽ കൂടുതൽ മേധാവിത്വം പുലർത്തി. റോഡ്രിഗോയ്‌ക്ക് പകരം കളത്തിലിറങ്ങിയ മാർകോ അസെൻസിയോ 74-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടിയതോട റയൽ ജയമുറപ്പിച്ചു.
നിലവിലെ ജേതാക്കളായ റയൽ കിരീടം നിലനിർത്താനുള്ള കുതിപ്പിലാണ്. ലാലിഗ കിരീടപ്പോരാട്ടത്തിൽ ബാഴ്‌സയേക്കാൾ ഏറെ പിറകിലുള്ള റയലിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയേ മതിയാകൂ. സ്വന്തം മൈതാനത്ത് നേടിയ രണ്ട് ഗോളുകളുടെ വിജയം രണ്ടാം പാദത്തിൽ റയലിന് ആത്മവിശ്വാസം നൽകും. സ്റ്റാംഫോർഡ് ബ്രിഡ്‌ജിൽ നടക്കുന്ന പോരാട്ടത്തിൽ ഗോളൊന്നും വഴങ്ങാതെ മൂന്നിലധികം ഗോളുകൾ നേടിയാൽ മാത്രമെ ചെൽസിക്ക് അവസാന നാലിൽ ഇടം പിടിക്കാനാകൂ.
അതേസമയം ചാമ്പ്യൻസ് ലീഗിലെ ഇറ്റാലിയൻ പോരാട്ടത്തിൽ എസി മിലാന് വിജയം. നാപോളിയ്‌ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജയം നേടിയത്. 40-ാം മിനിറ്റില്‍ മിഡ്‌ഫീൽഡർ ഇസ്‌മായിൽ ബെന്നസർ നേടിയ ഗോളാണ് മിലാന് മുൻതൂക്കം നൽകിയത്. മത്സരത്തിന്‍റെ 74-ാം മിനിറ്റിൽ സാംബോ അംഗുയിസ ചുവപ്പ് കാർഡുമായി കളംവിട്ടതും നാപോളിക്ക് തിരിച്ചടിയായി. സ്വന്തം മൈതാനത്ത് നടക്കുന്ന രണ്ടാം പാദത്തിൽ കൂടുതൽ ഗോളുകളിടിച്ച് സെമിഫൈനലിൽ ഇടംപിടിക്കാനാവും നാപോളിയുടെ ശ്രമം.
ലീഗിലെ തോൽവിക്ക് പിന്നാലെയാണ് നാപോളിക്ക് ചാമ്പ്യൻസ് ലീഗിലും എസി മിലാന് മുന്നിൽ അടിപതറിയത്. സിരി എ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു തോൽവി.