സെവിയ്യ: ലാലീഗയിൽ സെവിയ്യക്കെതിരായ മത്സരത്തിൽ റയൽ മാഡ്രിഡിന് ജയം. രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് റയൽ വിജയം നേടിയത്. പതിവുപോലെ ഇഞ്ച്വറി ടൈമിൽ കരീം ബെന്‍സേമയാണ് റയലിന്‍റെ രക്ഷകനായത്.
സെവിയ്യയുടെ മൈതാനത്ത് നടന്ന മത്സരത്തിന്‍റെ ആദ്യ 25 മിനിറ്റിൽ തന്നെ റയൽ മാഡ്രിഡ് രണ്ട് ഗോളുകൾക്ക് പിറകിൽ പോയി.21, 25 മിനിറ്റുകളിൽ ഇവാൻ റാക്കിറ്റിച്ച്, എറിക് ലമേല എന്നിവരാണ് സെവിയ്യയെ മുന്നിലെത്തിച്ചത്. ആദ്യ പകുതി തീരും വരെ റയലിന് തിരിച്ചടിക്കാനായില്ല.
രണ്ടാം പകുതിയിൽ റോഡ്രിഗോ, നാച്ചോ ഫെർണാണ്ടസ് എന്നിവർ റയലിനെ ഒപ്പമെത്തിച്ചു. അതിനു ശേഷം മത്സരം തീരാനിരിക്കെ ഇഞ്ചുറി ടൈമിൽ കരിം ബെൻസിമയും വല കുലുക്കി റയൽ മാഡ്രിഡിനു വിജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ റയൽ മാഡ്രിഡ് 32 മത്സരങ്ങളിൽ നിന്ന് 75 പോയിന്‍റുമായി കിരീടത്തിലേക്ക് അതിവേഗം കുതിക്കുകയാണ്.
ALSO READ:എഫ് എ കപ്പ്: ക്രിസ്റ്റല്‍ പാലസിനെ തകർത്ത് ചെല്‍സി ഫൈനലിൽ
രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണക്ക് 30 മത്സരങ്ങളിൽ നിന്നും 60 പോയിന്‍റാണുള്ളത്. ഇനി ആറു ലീഗ് മത്സരങ്ങൾ കളിക്കാൻ ബാക്കി നിൽക്കെ ചുരുങ്ങിയത് മൂന്നു വിജയമെങ്കിലും നേടിയാൽ റയൽ മാഡ്രിഡിന് കിരീടം ഉറപ്പിക്കാനാവും. ഇനിയുള്ള മത്സരങ്ങളിൽ അത്ലറ്റികോ മാഡ്രിഡ് ഒഴികെ റയൽ മാഡ്രിഡിന് പ്രബലരായ എതിരാളികൾ ഇല്ലെന്നിരിക്കെ കിരീടം ഇത്തവണ ലോസ് ബ്ലാങ്കോസിലെത്തുമെന്നതിൽ സംശയമില്ല.