ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടർ പോരാട്ടങ്ങളുടെ ആദ്യ പാദത്തിൽ സ്‌പാനിഷ് ക്ലബ്ബുകളായ റയൽ മഡ്രിഡിനും വിയ്യാറയലിനും ജയം. ചെൽസിയെ അവരുടെ തട്ടകത്തിൽ നേരിട്ട റയൽ മഡ്രിഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ജയം നേടിയത്. വിയ്യാറയൽ സ്വന്തം തട്ടകത്തിൽ ജർമൻ വമ്പൻമാരായ ബയണ്‍ മ്യൂണിച്ചിനെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു.
കഴിഞ്ഞ സീസണിൽ തങ്ങളെ കീഴടക്കി ഫൈനലിലേക്ക് മുന്നേറിയ ചെൽസിയോട് കണക്ക് തീർക്കാനിറങ്ങിയ റയലിന് മികച്ച തുടക്കമാണ് ലഭിച്ചത്. കിരീടം നിലനിർത്താനുള്ള മോഹവുമായി ഇറങ്ങിയ നിലവിലെ ചാമ്പ്യന്‍മാരായ ചെൽസിയെ ഹാട്രിക്കുമായി തിളങ്ങിയ ബെൻസേമയുടെ മികവിലാണ് റയൽ തോൽപ്പിച്ചത്. 21, 24, 46 മിനിറ്റുകളിലായാണ് ബെൻസേമ ഹാട്രിക്ക് നേടിയത്.
ആദ്യപകുതിയിൽ മൂന്ന് മിനിറ്റിനിടെ ഹെഡറിലൂടെ നേടിയ ഇരട്ടഗോളുകളോടെയാണ് ബെൻസേമ ഗോൾവേട്ട തുടങ്ങിയത്. നാൽപതാം മിനുറ്റില്‍ ഹാവേർട്ട്സ് ഒരു ഗോൾ മടക്കിയെങ്കിലും ചെല്‍സിക്ക് അതുപോരായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹാട്രിക്ക് പൂർത്തിയാക്കിയ ബെൻസേമ റയലിന്‍റെ വിജയം ഉറപ്പിച്ചു.