മെൽബണ്‍: 21-ാം ഗ്രാന്‍റ് സ്ലാം കിരീടം എന്ന ചരിത്ര നേട്ടവുമായി റഫേൽ നദാൽ. ഓസ്‌ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് തകർത്താണ് നദാൽ ചരിത്രമെഴുതിയത്. ഓസ്ട്രേലിയണ്‍ ഓപ്പണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം മികച്ച ഫൈനലുകളിലൊന്നിനാണ് മെൽബണ്‍ ഇന്ന് സാക്ഷ്യം വഹിച്ചത്. സ്കോർ: 2-6,6-7,6-4,6-4, 7-5.
ഒരു ഘട്ടത്തിൽ രണ്ട് സെറ്റുകൾക്ക് പിന്നിട്ട് നിന്ന ശേഷമാണ് അവിശ്വസനീയമായ മുന്നേറ്റത്തിലൂടെ നദാൽ കിരീടത്തിൽ മുത്തമിട്ടത്. വിജയത്തോടെ ജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവരുടെ 20 ഗ്രാന്‍റ് സ്ലാം എന്ന നേട്ടത്തെ നദാൽ മറികടന്നു. ഓസ്ട്രേലിയൻ ഓപ്പണിലെ ആറാം ഫൈനൽ കളിച്ച നദാൽ തന്‍റെ രണ്ടാമത്തെ കിരീടമാണ് ഇന്ന് സ്വന്തമാക്കിയത്.
നദാലിനൊപ്പം നിൽക്കുന്ന പ്രകടനമാണ് ഡാനിൽ മെദ്‌വദേവും മത്സരത്തിൽ കാഴ്‌ചവച്ചത്. യുഎസ് ഓപ്പൺ ഫൈനലിൽ 21–ാം ഗ്രാന്‍റ്സ്ലം കിരീടം തേടിയിറങ്ങിയ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ചതു പോലുള്ള പ്രകടനമാണ് മത്സരത്തിലുടനീളം ലോക രണ്ടാം നമ്പർ താരമായ മെദ്‌വദേവ് കാഴ്‌ചവച്ചത്.
നദാലിനെപ്പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു രണ്ടാം സീഡുകാരനായ ഡാനിൽ മെദ്‌വദേവ് 6-2 ന് ആദ്യ ഗെയിം സ്വന്തമാക്കിയത്. ടൈ ബ്രേക്കർ വരെ നീണ്ട രണ്ടാം ഗെയിമിലും നദാലിനെ വെട്ടിച്ച് മെദ്‌വദേവ് 7-6 ന് ഗെയിം പിടിച്ചെടുത്തു. ഇതോടെ നദാലിന്‍റെ 21-ാം ഗ്രാന്‍റ് സ്ലാം കിരീടം എന്ന സ്വപ്‌നത്തിന് മെദ്‌വദേവ് തടയിടും എന്ന് രീതിയിലേക്ക് മത്സരങ്ങൾ മാറി.