മാഡ്രിഡ്: സ്‌പാനിഷ് ടെന്നീസ് താരം റാഫേൽ നദാലിനും ഭാര്യ മരിയ ഫ്രാൻസിസ്‌ക പെരേലോയ്ക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചു. സ്പെയിനിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബായ റയൽ മാഡ്രിഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വാർത്ത പങ്കുവെക്കുകയും നദാലിനും ഫ്രാൻസിസ്കയ്‌ക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
"ആദ്യ കുഞ്ഞിന്‍റെ ജനനത്തിന് ഞങ്ങളുടെ പ്രിയപ്പെട്ട നദാലിനും ഭാര്യ പെരേലോയ്ക്കും അഭിനന്ദനങ്ങള്‍. ഈ നിമിഷത്തെ സന്തോഷം പങ്കിടുന്നതില്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ചേരുന്നു. ഭാവുകങ്ങള്‍" റയല്‍ മാഡ്രിഡ് ട്വീറ്റ് ചെയ്‌തു.
2019 ഒക്ടോബര്‍ 19നാണ് നദാലും മരിയ ഫ്രാൻസിസ്കയും വിവാഹിതരായത്. ഈ വര്‍ഷം ജൂണില്‍ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥിയെത്തുന്നത് 36കാരനായ നദാല്‍ സ്ഥിരീകരിച്ചിരുന്നു. മരിയ ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഒരു വാര്‍ത്ത സമ്മേളനത്തിനിടെയാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്.
നിലവിൽ ലോക രണ്ടാം നമ്പർ താരമാണ് നദാല്‍. 22 ഗ്രാൻഡ്സ്ലാം കിരീടങ്ങള്‍ നേടിയ താരം അവസാനമായി ലേവര്‍ കപ്പിലാണ് കളിച്ചത്. ടീം യൂറോപ്പിനായി ഇതിഹാസ താരം റോജർ ഫെഡറര്‍ക്കൊപ്പമായിരുന്നു നദാല്‍ കളത്തിലിറങ്ങിയത്. ഫെഡററുടെ വിടവാങ്ങല്‍ മത്സരം കൂടിയായിരുന്നുവിത്.
കളിക്കളത്തില്‍ ഏക്കാലവും എതിരാളിയായിരുന്ന ഫെഡററുടെ വിടവാങ്ങലില്‍ വിതുമ്പിയ നദാലിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഈ മത്സരത്തിന് ശേഷം നദാല്‍ ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറിയിരുന്നു.