ദോഹ: ഖത്തര്‍ ലോകകപ്പിലെ മരണ ഗ്രൂപ്പായ ഇയില്‍ നിന്നും ചാമ്പ്യന്മാരായുള്ള ജപ്പാന്‍റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം അപ്രതീക്ഷിതമാണ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ സ്‌പെയ്‌നെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ജപ്പാന്‍റെ മുന്നേറ്റം. എന്നാല്‍ സ്‌പെയിനെതിരെ ജപ്പാന്‍റെ വിജയം നിർണയിച്ച ഗോളിനെച്ചൊല്ലി വിവാദം മുറുകുകയാണ്.
ജപ്പാന്‍റെ വിജയം ജര്‍മനിയുടെ പുറത്താവലിന് വഴിയൊരുക്കിയെന്നതും ഇതിന് എരിവ് പകരുന്നു. മത്സത്തിന്‍റെ 51ാം മിനിട്ടില്‍ പിറന്ന ഈ ഗോള്‍ വാര്‍ പരിശോധനിയിലൂടെയാണ് അനുവദിക്കപ്പെട്ടത്. എന്നാല്‍ പുറത്ത് നിന്നെടുത്ത പന്തില്‍ നിന്നാണ് ഈ ഗോളടിച്ചതെന്നാണ് വിമർശനം ഉയരുന്നത്.
ഗോളിന്‍റെ പിറവി: ജപ്പാന്‍ മുന്നേറ്റത്തിനൊടുവില്‍ സ്‌പെയ്‌നിന്‍റെ ടച്ച് ലൈന്‍ കടന്ന് പോയതെന്ന് തോന്നിക്കുന്ന പന്ത് കൗറു മിടോമ ബോക്‌സിനുള്ളിലേക്ക് മറിച്ചുനല്‍കി. പോസ്‌റ്റിന് മുന്നിലുണ്ടായിരുന്ന ആവോ ടനാക അനായാസം ലക്ഷ്യം കാണുകയും ചെയ്‌തു. പന്ത് വലയിലെത്തിയിട്ടും സംശയത്തോടെയാണ് ജപ്പാന്‍ താരങ്ങള്‍ ആഘോഷം നടത്തിയത്.