ദോഹ :ഗോളുകളുടെ അടിയൊഴുക്കിനിടയിലും കരപറ്റി ഘാന. വീറും വാശിയും നിറഞ്ഞ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഘാന ദക്ഷിണ കൊറിയയെ തകര്‍ത്ത് ഗ്രൂപ്പ് എച്ചിലെ പോയിന്‍റ് പട്ടികയിലേക്ക് കയറിക്കൂടിയത്. മത്സരം സമനിലയിലെങ്കിലും അവസാനിപ്പിക്കാനായി പൊരുതിയ ദക്ഷിണ കൊറിയയ്‌ക്ക് രണ്ടാം പാദത്തിലെ അധിക സമയത്ത് ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതെ വന്നതും തിരിച്ചടിയായി.
ഷോട്ടുകളിലും പാസ്സിങ് കൃത്യതയിലും മേധാവിത്വം പുലര്‍ത്തിയ ദക്ഷിണ കൊറിയയെ അമ്പരപ്പിച്ച് മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ ഘാന രണ്ട് ഗോളുകള്‍ വലയിലെത്തിച്ചു. കൊറിയ അറ്റാക്കിങ്ങില്‍ ശ്രദ്ധ ചെലുത്തവെ ഇരുപത്തിനാലാം മിനിറ്റിൽ ഘാനയുടെ മുഹമ്മദ് സലിസുവാണ് ഘാനയ്‌ക്കായി ആദ്യ ഗോള്‍ നേടിയത്. മുപ്പത്തിനാലാം മിനിറ്റിൽ മുഹമ്മദ് കുദൂസിലൂടെ ഘാനയുടെ രണ്ടാം ഗോളും പിറന്നു. എന്നാല്‍ കൊറിയന്‍ പ്രതീക്ഷകള്‍ക്ക് ചിറകുമുളപ്പിച്ച് അമ്പത്തിയെട്ടാം മിനിറ്റില്‍ ചോ ഗ്യു സങ് കൊറിയയ്‌ക്കായി വല ചലിപ്പിച്ചു.
മൂന്ന് മിനിറ്റിനുള്ളില്‍ അതിനെ വെല്ലുന്ന മറ്റൊരു സുന്ദര ഹെഡറുമായി സങ് തന്നെ കൊറിയയുടെ മാലാഖയായി അവതരിച്ചു. ഇതോടെ മത്സരത്തിന് തീപിടിച്ചു. അധികം വൈകാതെ അറുപത്തിയൊന്നാം മിനിറ്റില്‍ മുഹമ്മദ് കുദൂസ് രണ്ടാമതും വല കുലുക്കിയതോടെ ഘാനയ്‌ക്ക് ലീഡ്. എന്നാല്‍ പിന്നീട് തുടരെ തുടരെ ആക്രമണം അഴിച്ചുവിട്ട കൊറിയയ്‌ക്ക് അത് ഫിനിഷ് ചെയ്യാനായില്ല. കൊറിയന്‍ കരുത്തിന് തടയിടാന്‍ എട്ടും ഒമ്പതും ആളുകളുമായി ഘാന കോട്ട വാതില്‍ കൊട്ടിയടച്ചു. ഇത് ഭേദിച്ച് അവസാനം ലഭിച്ച ഒന്നുരണ്ട് അവസരങ്ങള്‍ കൊറിയയ്‌ക്ക് ഗോളാക്കി മാറ്റാനുമാകാതെ പോയി.
ഘാനയുടെ ഏഴ് ഷോട്ടുകളും അതിലെ മൂന്ന് ഷോട്ടുകള്‍ ഓണ്‍ ടാര്‍ഗറ്റുമായിരിക്കെ 22 ഷോട്ടുകളും അതില്‍ ഏഴ് ഷോട്ടുകള്‍ ഓണ്‍ ടാര്‍ഗറ്റുമായി കൊറിയ ആധിപത്യം പുലര്‍ത്തിയെങ്കിലും എല്ലാം വിഫലമായി. 64 ശതമാനം ബോള്‍ പൊസഷനും 86 ശതമാനം പാസ്സിങ് കൃത്യതയുമായി മുന്നേറിയ കൊറിയ വീണു. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്‍റുമായി ഘാന ഗ്രൂപ്പ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഘാനയ്‌ക്ക് മൂന്നാം സ്ഥാനക്കാരായ ഉറുഗ്വായുമായും കൊറിയക്ക് പോര്‍ച്ചുഗലുമായാണ് അടുത്ത മത്സരങ്ങള്‍.