ദോഹ:ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരെ തകര്‍ത്ത് തേരോട്ടം തുടങ്ങി ഡച്ച് പട. അവസാന മിനിട്ടുകളില്‍ നേടിയ രണ്ട് ഗോളുകളുടെ കരുത്തിലാണ് ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് സെനഗലിനെ വീഴ്‌ത്തിയത്. ഗ്യാപ്‌കോയും ക്ലാസനുമാണ് ഓറഞ്ച് പടയ്‌ക്കായി വല കുലുക്കിയത്.
ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു ആദ്യ പകുതി. സെനഗല്‍ യൂറോപ്യന്‍ കരുത്തന്മാര്‍ക്കെതിരെ തുടക്കം മുതല്‍ തന്നെ ശക്തമായ പോരാട്ടവീര്യമാണ് കാഴ്‌ചവെച്ചത്. പന്തടക്കത്തില്‍ നെതര്‍ലന്‍ഡ്‌സ് മുന്നിട്ട് നിന്നെങ്കിലും മികച്ച ആക്രമണങ്ങള്‍ പിറന്നത് സെനഗലിന്‍റെ ഭാഗത്ത് നിന്നായിരുന്നു.
വിങ്ങുകളിലൂടെയും മൈതാനത്തിന് മധ്യത്തിലൂടെയും മുന്നേറ്റങ്ങള്‍ പിറന്നു. അരമണിക്കൂര്‍ പിന്നിട്ടതിന് ശേഷം ഡച്ച് പടയും സെനഗല്‍ ബോക്‌സിലേക്ക് ഇരച്ചെത്തി. എന്നാലും ലഭിച്ച അവസരങ്ങള്‍ ആദ്യ പകുതിയില്‍ ഗോളാക്കി മാറ്റാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ല.